തെരുവ്നായക്കൂട്ടം വളഞ്ഞു.: സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്
പുല്ലൂർ: സഹോദരനെ തെരുവ് നായക്കൂട്ടത്തിൻ്റെ അക്രമത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വീണ് ഓട്ടോ ഡ്രൈവറുടെ കാലിന് പരിക്ക്.കഴിഞ്ഞ ദിവസം രാത്രി പൊള്ളക്കടയിലാണ് സംഭവം. കാഞ്ഞങ്ങാട്ട് പോയി തിരിച്ച് വരികയായിരുന്ന പൊള്ളക്കടയിലെ സന്തോഷിനെ വീടിനടുത്തുള്ള ദേശീയ പാതയിൽ വെച്ച് പത്തിലധികം വരുന്ന തെരുവ് നായക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കാനായി എത്തുകയായിരുന്നു. മുന്നോട്ട് നടക്കാനാവാതെ നിന്ന സന്തോഷ് ജേഷ്ഠൻ അനന്തനെ ഫോണിലൂടെ സഹായത്തിന് വിളിച്ചു.അനന്തൻ സമീപവാസിയായ ജയനെയും കൂട്ടി സന്തോഷിനെ രക്ഷിക്കാനെത്തി. ഓടി വരുന്നതിനിടയിൽ വീണ് പോയ അനന്തന് കാലിന് സാരമായ പരിക്കേറ്റു. വീഴ്ചയുടെ വേദന അവഗണിച്ച് അനന്തൻ സഹോദരനെെ രക്ഷിക്കാനെെത്തി. തെരുവുനായക്കൂട്ടത്തെ അകറ്റാനുള്ള ശ്രമത്തിനിടയിൽ അതു വഴിയെത്തിയ കാർ യാത്രക്കാരനെയും അവ അക്രമിക്കാൻ മുതിർന്നു ഒടുവിൽ അനന്തനും ജയനും ചേർന്ന് സാഹസികമായിസന്തോഷിനെരക്ഷപ്പെടുത്തുകയായിരുന്നു. ഒരു മാസം മുമ്പ് പെരിയയിൽ പത്രംഏജൻ്റ് പി.കെ.ജോസിൻ്റെ അഞ്ഞൂറിലധികം പത്രങ്ങൾ തെരുവ് നായക്കൂട്ടം കടിച്ച് കീറായിരുന്നു. തട്ടുമ്മൽ, ഉദയനഗർ, പുല്ലൂർ ഭാഗങ്ങളിലും തെരുവ് നായക്കൂട്ടം അക്രമ സ്വഭാവം കാട്ടുന്നുണ്ട്. പഞ്ചായത്ത് നായകളെ വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്. വീടുകളിൽ വളർത്തുന്ന നായകൾക്ക് ലൈസൻസും കുത്തിവെപ്പും നിർബന്ധമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.