ഹൊസങ്കടി രാജധാനി ജ്വല്ലറി കവര്‍ച്ച; എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുഡിവൈഎസ്പി ബാലകൃഷ്ണന് പി നായരുടെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാക്രൈം സ്കോഡുകള്‍ കര്‍ണാടകയില്‍ അരിച്ചു പെറുക്കുന്നു
കാസര്‍കോട്: ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ചാക്കില്‍ കെട്ടിയിട്ട്, തലക്കടിച്ച് ബോധം കെടുത്തി 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവന്ന കേസിലെ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞെങ്കിലും ഇവര്‍ എല്ലാവരും മുങ്ങിയതായി അന്വേഷണസംഘം. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഒളിസങ്കേതം കണ്ടെത്താന്‍ പൊലീസിന് കഴിയുന്നില്ല. പൊലീസ് സൈബര്‍ സെല്ലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന കവര്‍ച്ചാ സംഘത്തെ വലയിലാക്കാന്‍ കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന് നായരുടെ കീഴിലുള്ള ക്രൈം സ്ക്വാഡും ആൻറി ഗുണ്ടാ സ്കോഡും മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കര്‍ണാടകയുടെ വിവിധ ഭാഗങ്ങള്‍ അരിച്ചു പെറുക്കുകയാണ്.
പ്രതികള്‍ ഒളിവില്‍ കഴിയാന്‍ സാദ്ധ്യതയുള്ള മംഗളൂരു, സൂറത്ത്കല്‍, മൈസൂരു തുടങ്ങിയ സ്ഥലങ്ങളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. കവര്‍ച്ചാസംഘത്തിന്റെ തലവന്‍ സൂറത്ത്കല്‍ സ്വദേശിയാണ്. കവര്‍ച്ചയ്ക്ക് മഞ്ചേശ്വരം സ്വദേശികളുടെ സഹായവും കിട്ടിയതായാണ് നിഗമനം. സംഘത്തില്‍ ഒരാള്‍ മലയാളം പറഞ്ഞിരുന്നതായി പരിക്കേറ്റ സെക്യൂരിറ്റി അബ്ദുള്ള പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കവര്‍ച്ചക്കാര്‍ സഞ്ചരിച്ച ഇന്നോവ കാറും തൊണ്ടിമുതലില്‍ ഒരു ഭാഗവും കര്‍ണ്ണാടക ഉള്ളാള്‍ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കവര്‍ച്ചക്ക് ശേഷം രണ്ടു സംഘമായി പിരിഞ്ഞ സംഘം കവര്‍ച്ച ചെയ്ത പണവും സ്വര്‍ണ്ണവും ഓഹരി വച്ചു.
ഇതില്‍ ഒരു സംഘം മറ്റൊരു കാറില്‍ കയറി മംഗളൂരു ടൗണിലേക്ക് പോകാതെ രക്ഷപ്പെട്ടു. ഹൊസങ്കടിയില്‍ നിന്ന് പുറപ്പെട്ട രണ്ടാമത്തെ സംഘം ഒരു പകല്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഇന്നോവ കാറില്‍ പോകവേയാണ് ഉള്ളാള്‍ പൊലീസ് പിടിച്ചെടുത്തത്. സൂറത്ത് കല്ലില്‍ നിന്നുള്ള കവര്‍ച്ച സംഘം ഹൊസങ്കടിയില്‍ എത്തിയ കര്‍ണാടക രജിസ്ട്രേഷനുള്ള ഇന്നോവ കാറും കവര്‍ച്ച ചെയ്ത വെള്ളിയാഭരണങ്ങളില്‍ ഒരു ഓഹരിയും ഒന്നര ലക്ഷം രൂപയുമാണ് കിട്ടിയത്.
ഉള്ളാള്‍ പൊലീസ് പിന്തുടരുന്നതിനിടയില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച ഇന്നോവയും കവര്‍ച്ച മുതലും ഉപേക്ഷിച്ചു കാറില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവരില്‍ രണ്ടുപേരെയാണ് ഉള്ളാള്‍ പൊലീസ് തിരിച്ചറിഞ്ഞത്. ഇന്നോവ കാര്‍ സൂറത്ത്കല്ലില്‍ നിന്ന് വാടകയ്ക്ക് വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ചിക്കമംഗളൂരുവിലെ ബാബാ ബുദന്ഗിരിയിലേക്ക് പോകുന്നു എന്നാണ് പ്രതികള്‍ കാറുടമയോട് പറഞ്ഞിരുന്നത്. മുഹമ്മദ് ഗോസ് എന്നയാളാണ് കാര്‍ വാടകയ്ക്ക് എടുത്തത്.