കുരുന്നു മനസ്സുകളിൽ ഹരം പകർന്ന് അധ്യാപികയുടെ അമ്പിളിക്കവിതകൾ
കാഞ്ഞങ്ങാട് :അമ്പിളിമാമനെക്കുറിച്ച് അധ്യാപിക എഴുതിയ കവിതകൾ കുരുന്നു മനസ്സുകളിൽ ഹരം പകരുന്നു.
ചാന്ദ്രദിന പക്ഷാചരണത്തിന്റെ ഭാഗമായി ഹൊസ്ദുർഗ് കടപ്പുറം ഗവ.ഫിഷറീസ് എൽ.പി.സ്കൂൾ
അധ്യാപികയായ സ്മിത ഭരത് എഴുതിയ കവിതകളാണ് അറിവും ആനന്ദവും പകർന്ന് കുട്ടികളുടെ ഇഷ്ടം നേടിയത്.
കുട്ടികളെയും ഒപ്പം മുതിർന്നവരെയും ഒരു പോലെ മോഹിപ്പിക്കുന്ന ചന്ദ്രനെ കുറിച്ച് പപ്പടമാമൻ , അമ്പിളിച്ചിരി ,പാൽത്തളിക എന്നീ പേരിലാണ് കവിതകൾ. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്കൂൾ ,
ഹൊസ്ദുർഗ് കടപ്പുറം ജി.എഫ്.എൽ.പി.സ്കൂൾ , പരുത്തിക്കാമുറി ജി.എൽ.പി. സ്കൂൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളിലെ കുട്ടികളാണ് കവിതകൾക്ക് സ്വന്തമായി ഈണം നൽകി വാട്സ്അപ്പിലൂടെയും യുട്യൂബിലൂടെയും കവിതയുടെ പ്രചാരകരായി മാറിയത്.
കടൽമഷിപ്പാത്രം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണപ്പൂവിതൾ എന്ന പേരിൽ ടീച്ചർ എഴുതിയ കവിതകൾ രാജേഷ് തൃക്കരിപ്പൂരിന്റെ സംഗീത സംവിധാനത്തിൽ ആൽബമായി ഒരാഴ്ചക്കുള്ളിൽ പുറത്തിറങ്ങും.
മ്യൂറൽ ചിത്രകലയിൽ കഴിവ് തെളിയിച്ച ടീച്ചർ ഇതിനകം തന്നെ നൂറിലധികം പെയിന്റിംഗുകൾ പൂർത്തിയാക്കിയിട്ടുണ്ട്. എഴുത്തുകാരനും നിരൂപകനുമായ ഡോ.ടി.പവിത്രനു വേണ്ടി തയ്യാറാക്കിയ ആദിവാസി രാമായണമാണ് അവസാനത്തെ രചന.
തമ്പാൻ പെരിന്തട്ട ദിലീപ് സ്വാസ്തിക് ഗുരുവായൂർ എന്നിവരിൽ നിന്നാണ് ചിത്രകല അഭ്യസിച്ചത്.
ഒഴിവു സമയങ്ങളിൽ വിനോദമായി തുടങ്ങിയ കരിങ്കോഴി , കാടക്കോഴി വളർത്തൽ വികസിച്ച് നൂറിലധികം കോഴികളുള്ള ഫാം ആയി മാറി. ചുരുക്കത്തിൽ വേറിട്ട വഴികളിലൂടെയാണ് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായ സ്മിത ഭരതിന്റെ സഞ്ചാരം. തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. പ്രധാനാധ്യാപകൻ ഭരത് കുമാറാണ് ഭർത്താവ്. അദ്ദേഹത്തോടൊപ്പം മക്കളായ
വൈശാഖും ശ്രീരാഗും ടീച്ചറുടെ എഴുത്തിനും വരയ്ക്കും പക്ഷി വളർത്തലിനും പ്രോത്സാഹനം നൽകി കൂടെയുണ്ട്.