പെണ്ണുകാണാന്‍ വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് പണം തട്ടിപ്പ്, ആക്രമണം;ഏഴ് പേര് പിടിയില്‍
പാലക്കാട്: പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിയായ മധ്യവയസ്കനും അയാളുടെ അടുത്ത ബന്ധുവുമാണ് അക്രമത്തിനിരയായി കബളിപ്പിക്കപ്പെട്ടത്. 2021 മാർച്ച് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്ണുകാണൽ ചടങ്ങിന് വിളിച്ചു വരുത്തി, കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും, സ്വർണമോതിരവും, മൊബൈൽഫോണുകളും പ്രതികൾ കവർച്ച ചെയ്തു. കൂടാതെ ഇവരിൽ നിന്നും എടിഎം കാർഡുകളും പിൻ നമ്പറും കൈവശപ്പെടുത്തി, നാലുലക്ഷത്തിലധികം രൂപ പിൻവലിക്കുകയും ചെയ്തിരുന്നു.
ഇവരുടെ പരാതിപ്രകാരം തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂർ തോന്നാംപാളയം അംബേദ്കർ നഗർ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനൻതുളു പ്രകാശ് (40), തിരുപ്പൂർ മംഗളം റോഡ് കുറുവം പാളയം വിഘ്നേഷ് (23), തിരുപ്പൂർ മംഗളം റോഡ് ലിബ്രോ കോമ്പൌണ്ട് മണികണ്ഠൻ (27) തിരുപ്പൂർ മാക്കലിയമ്മൻ തെരുവ് ശെന്തിൽ (42), തിരുപ്പൂർ മംഗളം റോഡ് സഞ്ജയ് (35) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ.പ്രസാദും സംഘവും അറസ്റ്റുചെയ്തത്.