കേരളം ആത്മഹത്യയുടെ വക്കില്‍. പോലീസുകാരുടെ മുഖ്യതൊഴില്‍ പരിശോധനയും പിഴയിടാക്കലും. വൈദ്യുതി ബില്‍, ബാങ്ക് ലോണ്‍, ജപ്തി,വട്ടിപ്പലിശക്കാര്‍ തുടങ്ങി എല്ലാവരും ഇപ്പോള്‍ ഇറങ്ങിവരും. അപ്പോഴും അടച്ചുപൂട്ടലില്‍ ആത്മഹത്യയുടെ വക്കിലെത്തിയ ജനത്തോട് സര്‍ക്കാര്‍ പറയും ഭയം വേണ്ട ജാഗ്രത മതി
ബുര്‍ഹന്‍ തളങ്കര
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തെക്കാളും വ്യാപനം നിലനിന്നിരുന്ന കര്‍ണ്ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നിലവില്‍ ജനജീവിതം സാധാരണഗതിയിലേക്ക് കടന്നു കഴിഞ്ഞു . കോവിഡ് 19 ന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണ്ണാടകയിലേക്ക് കടക്കാനും കര്‍ണ്ണാടകയില്‍ നിന്നുള്ളവര്‍ക്ക് കേരളത്തിലെത്താനും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു.
എന്നാലിപ്പോള്‍ സ്ഥിതി മാറി. കേരളത്തില്‍ നിന്നും ചെന്നൈയില്‍ നിന്നുള്ള പ്രധാന ട്രെയിനുകള്‍ ബസുകളും മംഗളൂരുവിലും ബംഗളൂരുവിലെത്തുന്നുണ്ട്. ഒരു തവണയെങ്കിലും വാക്സിന് എടുത്തവര്‍ക്കോ കോവിഡ് ടെസ്റ്റ് നടത്തിയ ധൈര്യസമേതം കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും എവിടെയും സഞ്ചരിക്കാം.
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ കര്‍ണ്ണാടകയില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ചുതുടങ്ങി. കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയില്‍ പഠനത്തിന് പോകുന്നവര്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പഠനം നടത്താന്കഴിയുന്നുണ്ട്.കാസര്‍കോട് മംഗളൂരു കെഎസ്ആര്‍ടിസി ബസ്സുകളിലും കര്‍ണ്ണാടക ആര്‍ടിസികളിലും മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണ്ണാടകയിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നുണ്ട്.
സിനിമ തീയറ്ററുകള്‍ പോലെ ആള്‍കൂട്ടം ഒരുപാട് സമയങ്ങള്‍ ഒന്നിച്ചു ചെലവഴിക്കുന്ന പ്രദേശങ്ങള്‍ ഒഴികെ മറ്റെല്ലാത്തിനും ഇവിടെ സ്വാതന്ത്രം അനുവദിച്ചിരിക്കുകയാണ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബീച്ചുകളിൽ പോകാനും ആരാധനാലയങ്ങളിലേക്ക് കടക്കാനും അനുവാദമുണ്ട്. മസ്ജിദുകളും, ക്രിസ്ത്യന്‍ പള്ളികളും, ഹൈന്ദവ ക്ഷേത്രങ്ങളും സജീവമാണ്.
ആശുപത്രികളില്‍ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും യാതൊരു തരത്തിലുമുള്ള വിലക്കുമില്ല. എങ്ങും ജനജീവിതം പതിവ് പോലെ. എന്നാല്‍ ഭയം വേണ്ട ജാഗ്രത മതി എന്ന് മാസങ്ങളായി പറയുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ താളം തെറ്റി കിടക്കുന്ന അടച്ചപൂട്ടലില്‍ തന്നെയാണ്. തീരെ ശാസ്ത്രീയമല്ലാത്ത അടച്ചുപൂട്ടല്‍ കാരണം കോവിഡ് രോഗികളോ അതുമൂലമുണ്ടാകുന്ന മരണങ്ങളോ ഇവിടെ കുറയുന്നില്ല.
ഇനി കോവിഡിനൊപ്പം ജീവിതവും എന്ന് ഒന്നാം കോവിഡ് തരംഗത്തിന്റെ അവസാനത്തില്‍ പറഞ്ഞ മുഖ്യമന്ത്രി നിയന്ത്രണങ്ങളോടെ ഒപ്പം ജീവിക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത് എത്ര കാലം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. മനുഷ്യ ജീവിതം പാടെ തകര്‍ന്നു തരിപ്പണമായി ഇരിക്കുകയാണ്. ഗതികെട്ട ജനം രഹസ്യമായും പരസ്യമായും അശാസ്ത്രീയ നിയന്ത്രണങ്ങളോട് പ്രതികരിച്ചു തുടങ്ങി. ഗ്രേഡുകളുടെയും ക്ലസ്റ്ററുകളുടെയും പിടുത്തത്തില്‍ കഴിയാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട മലയാളികള്പലയിടത്തും പൊട്ടിത്തെറികുന്ന വാര്‍ത്തകള്‍ വരുമ്പോഴും പോലീസിനെ ഉപയോഗിച്ചുള്ള പണം പിരിവിനാണ് സർക്കാറിന് താല്പര്യം . ഇനിയെങ്ങാനും ചോദ്യം ചെയ്താൽ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് ജാമ്യമില്ലാത്ത അകത്താകും. പഴയ ജർമനിയിലെ ഹിറ്റ്ലർ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് നിയമപാലകർ. കയ്യിൽ അഞ്ചു പൈസ ഇല്ലാത്തത് കാരണം വീടുകളിലെ ഗ്യാരേജിൽ വിശ്രമിക്കുന്ന വാഹനങ്ങളുടെ നിയമപരമായ പേപ്പറുകൾ ശരിയാക്കാൻ റോഡിലിറങ്ങിയാല്‍ ചെന്ന് പെടുക പോലീസിന്റെ മുന്നിലായിരിക്കും. ഇൻഷുറൻസ് കഴിഞ്ഞു പുക ടെസ്റ്റ് ഇല്ല തുടങ്ങി നിരവധി കാരണങ്ങൾ നിരത്തും. ഇതൊക്കെ ശരിയാക്കാൻ റോഡിൽ ഇറങ്ങണ്ട എന്ന് തിരിച്ചു ചോദിച്ചാൽ പതിനായിരത്തില്‍ കുറയാത്ത ഒരു ഫൈന്‍ നല്കിയിരിക്കും ഉദ്യോഗസ്ഥര്‍ മറുപടി നൽകുക. കാസര്‍കോട് ട്രാഫിക് പോലീസ് കൊള്ള സംഘത്തിന് സമാനമായ രീതിയിലാണ് ജനത്തോട് പെരുമാറുന്നതന്ന ആക്ഷേപം ഉയരുകയാണ്. മറ്റുള്ള ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല . എല്ലാ മേഖലയിലും പോലീസിനെ ഉപയോഗിച്ചുള്ള പെറ്റി പിരിവാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ ശമ്പളം പറ്റുന്നജീവനക്കാരും പൊതുമേഖല ജീവനക്കാരും അത്യാവശ്യ സാധനങ്ങളെന്ന് വിശേഷിക്കപ്പെടുന്ന പലചരക്ക് കച്ചവടക്കാരും, അപ്രകാരമുള്ള മറ്റു ചില വ്യാപാരികളും ഒഴികെ മറ്റുള്ളവരെല്ലാം കടക്കെണിയിലാണ്. ജീവിതം വഴിമുട്ടിയവന്റെ മുന്നില്‍ വൈദ്യുതി ബില്‍ ബാങ്ക് ലോണ്‍ ജപ്തി വട്ടിപ്പലിശകാര് തുടങ്ങി പലരും ഇപ്പോള്‍ ഇറങ്ങിവരാൻ തുടങ്ങും. ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ വാര്‍ത്തകള്‍ വന്നു തുടങ്ങി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ കലക്ഷന്‍ ഏജന്റ് എന്നേ ഗുണ്ടകളെ ഇറക്കി കഴിഞ്ഞു. ഇനി ജനം എന്താണ് ചെയ്യേണ്ടത്? എന്നാണ് ഈ അടച്ച് പൂട്ടലില്‍ നിന്ന് പുറത്ത് ചാടാന്‍ നമുക്ക് കഴിയുക എന്നത് ഉത്തരം കിട്ടാതെ ചോദ്യചിഹ്നമായി നിലനില്ക്കുന്നു. അശാസ്ത്രീയമായ അടച്ച് പൂട്ടലില്‍ ജീവിതം അവസാനിപ്പിക്കാൻ നിൽക്കുന്നവരോട് ഇനിയും ജാഗ്രത പറഞ്ഞുകൊണ്ടിരുന്നാല്‍ കാര്യങ്ങള്‍ നടക്കില്ല. ഒന്നെങ്കില്‍ 14 ദിവസം ഒന്നാം തരംഗത്തിന് സമാനമായ രീതിയിലുള്ള ലോക്കഡോണ്‍ ഏര്‍പ്പെടുത്തുക. ഇതിലൂടെ കേരളത്തിനകത്തുള്ള രോഗികളെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുക. തുടര്‍ന്ന് എല്ലാം തുറന്നു നല്കി അതിര്‍ത്തികളില്‍ മാത്രം പരിശോധന ഏര്‍പ്പെടുത്തുക. ഇതിലൂടെ മാത്രമേ ഒരുപരിധിവരെയെങ്കിലും കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കുകയുള്ളൂ.