ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. പരസ്യബാലറ്റിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്കി.വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഭരണഘടന മുറുകെ പിടിക്കാനായി നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുന്നു എന്നാണ് പറഞ്ഞത്.
എന്നാല്‍ പ്രോം ടേം സ്പീക്കറെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ തീരുമാനം വന്നിട്ടില്ല. എം.എല്‍.എമാര്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് നാളെത്തേക്ക് മാറ്റിയത്.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ 14 ദിവസത്തെ സമയം വേണമെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് മുകുള്‍ റോത്തഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി ആവശ്യപ്പെടുകയായിരുന്നു.
രണ്ട് വാദവും കേട്ട ശേഷമാണ് സുപ്രീം കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.140 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ട് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എതിര് സത്യവാങ്മൂലത്തിന് സമയം അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിന് പിന്നാലെ ഇവര്‍ സത്യവാങ്മൂലം പിന്‍വലിച്ചു.
അജിത് പവാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നും കപില്‍ സിബല്‍ വാദിച്ചിരുന്നു. എന്ത് ദേശീയ അടിയന്തര സാഹചര്യമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഉണ്ടായതെന്നും ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പെരുമാറിയെന്നും സിബല്‍ പറഞ്ഞിരുന്നു. അജിത് പവാര്‍ നല്‍കിയത് വ്യാജ കത്താണെന്നും ഞങ്ങളുടെ പക്കലുള്ളത് യഥാര്‍ത്ഥ സത്യവാങ്മൂലമാണെന്നും 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ അനുമതി നല്‍കണമെന്നും സിബല്‍ ആവശ്യപ്പെട്ടിരുന്നു. കോടതി വെറുതെ വിശ്വാസ വോട്ടെടുപ്പ് നടത്തരുത്. നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോ ടേം സ്പീക്കറായി നിയമിച്ച് വോട്ടെടുപ്പ് നടത്തണമെന്നുമായിരുന്നു കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.
കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം സമയം അനുവദിച്ചപ്പോള്‍, സുപ്രീം കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. നേരത്തേ പലതവണയും സമയം വെട്ടിക്കുറച്ചിട്ടുള്ളതായി ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞിരുന്നു.