105 മക്കളെങ്കിലും വേണമെന്നാണ് ആഗ്രഹം’; മാതൃത്വം ലഹരിയാക്കി ഒരു അമ്മ
മാതൃത്വത്തിനോട് ആസക്തി കാണിക്കുന്ന ഒരു റഷ്യക്കാരിയെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 23 വയസുള്ള ക്രിസ്റ്റീന ഓസ്റ്റുര്‍ക്ക് എന്ന യുവതി 11 കുട്ടികളുടെ അമ്മയാണ് നിലവില്‍. പക്ഷേ അവരുടെ ആഗ്രഹം ചെറുതല്ല. തനിക്ക് കുറഞ്ഞത് നൂറ്റിയഞ്ചു മക്കളെങ്കിലും വേണം എന്നതാണ് അവരുടെ ആഗ്രഹം.
ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 105 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക വഴി ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റീനയും 56 വയസ്സുള്ള ഭര്‍ത്താവ് ഗാലിപ് ഓസ്റ്റുര്‍ക്കും. ഇതിനായി അവര്‍ വാടക ഗര്‍ഭധാരണം (സറോഗസി) തിരഞ്ഞെടുക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇരുവരുടേയും നിലവിലുള്ള 11 കുട്ടികളില്‍, മൂത്ത മകളായ വിക്ക സ്വാഭാവിക രീതിയിലാണ് ജനിച്ചത്. അതേസമയം, ബാക്കിയുള്ളവരെല്ലാം തന്നെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മാതൃത്വം ഒരു ലഹരി ആണെന്നും താനും ഭര്‍ത്താവും കുട്ടികളുടെ സന്തോഷകരമായ കളി ചിരികള്‍ ആസ്വദിക്കാന്‍ തങ്ങളുടെ വീട്ടില്‍ത്തന്നെ തുടരുകയുമാണെന്നാണ് ക്രിസ്റ്റീന പറയുന്നത്. ജോര്‍ജിയയിലെ ബറ്റുമയില്‍ ആണ് ഈ കോടീശ്വര ദമ്പതികള്‍ താമസിക്കുന്നത്. കൂടുതല്‍ സറോഗസി ഓപ്ഷനുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍ ഇപ്പോള്‍. അവരുടെ ഏറ്റവും ചെറിയ കുഞ്ഞ്, ബൊളീവിയ എന്ന പെണ്‍കുട്ടി 2021 ജനുവരി 16 നാണ് ജനിച്ചത്. ഈ ദമ്പതികള്‍ അവരുടെ ഈ വിശാലമായ കുടുംബത്തിന്റെ ഫോട്ടോകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പതിവായി അപലോഡ് ചെയ്യുന്നുമുണ്ട്.