ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും ദേവേന്ദ്ര ഫഡ്നാവിസിനായി ഹാജരായ മുകുല്‍ റോത്തഗിയും സുപ്രീംകോടതിയില്‍ ശ്രമിച്ചത്. ഗവര്‍ണറുടെ തീരുമാനത്തിലും സഭാനടത്തിപ്പിലും ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്ന നിലപാടാണ് ഇരുവരും ആയുധമാക്കിയത്. വിശ്വാസവോട്ട് എത്രയുംവേഗത്തില്‍ നടത്തണമെന്ന കപില്‍ സിബലിന്റെയും മനു അഭിഷേക് സിങ്വിയുടെയും വാദത്തോട് ഇരുവരും വിയോജിച്ചു.
വിശ്വാസവോട്ടിന്റെ കാര്യത്തില്‍ കോടതിയില്‍നിന്ന് എത്രയുംവേഗം തീര്പ്പുണ്ടാകുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെട്ട മഹാസഖ്യം ശനിയാഴ്ചതന്നെ സുപ്രീംകോടതിയെ സമീപിച്ചത്. ഞായറാഴ്ച പ്രത്യേക സിറ്റിങ്ങെന്ന തീരുമാനത്തിലേക്ക് കോടതി എത്തിയെങ്കിലും വിശ്വാസവോട്ടിന്റെ കാര്യത്തില്‍ തീരുമാനം നീളുകയാണ്. ബിജെപി ആഗ്രഹിക്കും വിധമാണ് നിലവില്‍ കോടതിയില്‍ കേസിന്റെ പുരോഗതി.
വിശ്വാസവോട്ടിന്റെ കാര്യത്തില്‍ കക്ഷികള്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടപ്പോള്‍ ഈ ഘട്ടത്തില്‍ കോടതി എന്തെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ എതിര്‍ക്കുന്നതായി മെഹ്തയും റോത്തഗിയും വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കാന് കോടതിക്കാകില്ലെന്നും ഇരുവരും പറഞ്ഞു. സഭാനടത്തിപ്പ് എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നതില്‍ കോടതിക്ക് ഭരണഘടനാപരമായ വിലക്കുണ്ടെന്ന് തുഷാര്‍ മെഹ്ത പറഞ്ഞു. കുതിരക്കച്ചവടമുണ്ടെങ്കില് കോടതിക്ക് ഇടപെടാം. ഇവിടെ ആ സാഹചര്യമില്ല. കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാലാണ് കുതിരക്കച്ചവടത്തിന് അരങ്ങൊരുങ്ങുക. അപ്പോള്‍ ഒരു കൂട്ടമാകെത്തന്നെ മാറിപ്പോയെന്ന് വരാം– മെഹ്ത പറഞ്ഞു.
കോടതി നേരത്തേ പരിഗണിച്ച സമാനമായ കേസുകളിലെല്ലാംതന്നെ 24 മണിക്കൂറിനകം വിശ്വാസവോട്ട് നടന്നിട്ടുണ്ടെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. ഗവര്‍ണറുടെ വസതിയിലല്ല ഭൂരിപക്ഷം തെളിയിക്കേണ്ടത്. അത് സഭയിലാണ് വേണ്ടത്. ഫഡ്നാവിസിന് ഇപ്പോള്‍ ഭൂരിപക്ഷമുണ്ടോയെന്നും കോടതി ആരാഞ്ഞു. ജനാധിപത്യത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ വിശ്വാസവോട്ടിന് കോടതി ഉത്തരവിട്ട നിരവധി സന്ദര്‍ഭങ്ങളുണ്ടെന്ന് മനു അഭിഷേക് സിങ്വി പറഞ്ഞു. എല്ലാ കക്ഷികളും വിശ്വാസവോട്ടിനോട് യോജിക്കുമ്ബോള്‍ കോടതി എന്തിനാണ് മറുപടി സത്യവാങ്മൂലത്തിനും മറ്റും കാക്കുന്നത്. അജിത് പവാറിനെ നേരത്തേതന്നെ എന്‍സിപി നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയതാണ്–സിങ്വി പറഞ്ഞു.