ഹൈക്കോടതി വിധി സ്വാഗതം ചെയ്ത്കർദിനാൾ ആലഞ്ചേരി എൻ എച്ച് വികസനത്തിന് ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കാൻ ക്രൈസ്തവർ തയ്യാറാകണം
കൊച്ചി :ദേശീയപാത വികസനത്തിനും നാടിൻെറ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കുമായി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിന് തയാറാകണമെന്ന് കെ.സി.ബി.സി പ്രസിഡൻറും സീറോ മലബാർ സഭ മേജർ ആർച് ബിഷപ്പും ഇൻറർ ചർച്ച് കൗൺസിൽ ചെയർമാനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അതുല്യ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവസമൂഹം നാടിന്റെ സമകാലിക ആവശ്യങ്ങളിലും ഉദാരതയോടെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതവികസനത്തിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയോടു പ്രതികരിക്കുകയായിരുന്നു കര്‍ദിനാള്‍.
ചരിത്രപ്രാധാന്യമുള്ളതും കൂടുതൽ വിശ്വാസികൾ പ്രയോജനപ്പെടുത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനിൽപിനെ ബാധിക്കാത്തവിധം വികസനപദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യണം. മാറ്റി സ്ഥാപിക്കുകയോ പുനർനിർമിക്കുകയോ വണ്ടിവന്നാൽ നഷ്ടപരിഹാര -പുനരധിവാസ നിയമം കൃത്യമായും സമയബന്ധിതമായും നടപ്പാക്കണം -അദ്ദേഹം പറഞ്ഞു.
ദേശീയപാത 66ൻെറ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുനൽകിയ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ കർദിനാൾ അനുമോദിച്ചു.