ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നീലേശ്വരം നഗരസഭ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണം ആരംഭിച്ചു
നീലേശ്വരം നഗരസഭയ്ക്കു വേണ്ടി കോട്ടപ്പുറത്ത് നിര്‍മ്മിക്കുന്ന കോണ്‍ഫറന്‍സ് ഹാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നഗരസഭയുടെ അധീനതയില്‍ കോട്ടപ്പുറത്തുള്ള സ്ഥലത്താണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കുന്നത്.
5000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 400 ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാളും, 600 സ്ക്വയര്‍ ഫീറ്റ് വലുപ്പത്തിലുള്ള സ്റ്റേജും, വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, കലാകാരന്മാ ര്ക്കുള്ള ഗ്രീന്‍ റൂം, അറ്റാച്ചഡ് ടോയ് ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടെയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നിരവധി കലാസാംസ്ക്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയില്‍ കോണ്‍ഫറന്‍സ് ഹാളിന്റെ നിര്‍മ്മാണം വലിയ സഹായകരമായി മാറും.
നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.ഗൗരി, കൗണ്‍സിലര്‍മാരായ ഷംസുദ്ദീന് അരിഞ്ചിറ, റഫീക് കോട്ടപ്പുറം, നഗരസഭാ എഞ്ചിനീയര്‍ സി.രജീഷ്കുമാര്, നിര്‍മ്മാണ സഹായ കമ്മിറ്റി ഭാരവാഹികളായ വി.എം.പുരുഷോത്തമന്, റസാക്ക് പുഴക്കര, ടി.വി.ഭാസ്ക്കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.