ഹൊസങ്കടിയില്‍ കാവല്‍ക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച, മോഷ്ടാക്കള്‍ സഞ്ചരിച്ച ഇന്നോവ പിടികൂടി. 7 കി.ഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും കാറില്‍ നിന്ന് കണ്ടെത്തി,ഡ്രൈവര്‍ പോലീസിനെ വെട്ടിച്ച് കടന്നു
കാസർകോട്: കാസർകോട് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തി. വാഹനം ഓടിച്ചിരുന്നവർ പോലീസിനെ കണ്ട് ഉടനെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കർണ്ണാടക രജിസ്ട്രേഷനിൽ ഉള്ള KA 02 AA 8239 വാഹനമാണ് പിടികൂടിയത്.
ദേശീയപാതയിൽ രാജധാനി ജ്വല്ലറിയിൽ ആണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഏഴംഗ സംഘം സുരക്ഷാ ജോലിക്കാരനായ അബ്ദുള്ളയെ തലക്കടിച്ച് കെട്ടിയിട്ട ശേഷം പൂട്ടു പൊളിച്ച് അകത്തു കയറുകയായിരുന്നു. തലയ്ക്കും കണ്ണിനും കാര്യമായി പരിക്കേറ്റ അബ്ദുള്ള ഇപ്പോൾ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മോഷ്ടാക്കൾ അബ്ദുള്ളയെ കീഴപ്പെടുത്തി കെട്ടിയിടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. രാത്രി ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് ജ്വല്ലറിയിൽ കവർച്ച നടന്നത്. അടുത്തുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പുലർച്ചെ മൂന്ന് മണിയോടെ കവർച്ച നടന്ന കാര്യം തിരിച്ചറിഞ്ഞതും പൊലീസിൽ അറിയിച്ചതും. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർക്ക് ഇന്നലെ വൈകുന്നേരം 3 മണിയോടുകൂടി ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കർണാടകയിൽ പോലീസ് സംഘം വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഉപ്പള മംഗലാപുരം പോലീസിനേയും അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. അന്തർസംസ്ഥാന സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന.