ശരിക്കും സത്യമാകുമോ? 21ാം നൂറ്റാണ്ടിൽ മനുഷ്യകുലം അവസാനിക്കുമെന്ന എം.ഐ.ടി പഠനം സാധൂകരിച്ച് ഗവേഷകർ
വാഷിങ്ടൺ: മസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകർ 1972ൽ പുറത്തുവിട്ട പഠനത്തിൽ 2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന് പ്രവചനം നടത്തിയിരുന്നു. അന്ന് ലോകം അതത്ര കാര്യമാക്കിയില്ലെങ്കിലും ശരിക്കും സത്യമായി പുലരുമെന്ന് സാധൂകരിച്ച് പുതിയ പഠനം. മനുഷ്യ സമൂഹം ലോകത്തുനിന്ന് ഇല്ലാതാകുമെന്നത് ശരിയായേക്കുമെന്നാണ് കെ.പി.എം.ജി ഇന്റർനാഷനൽ ഗവേഷകൻ ഗയ ഹെറിങ്ടണും സംഘവും പറയുന്നത്.
2040ഓടെ ലോകം സമ്പൂർണ സാമൂഹിക തകർച്ച നേരിടുമെന്ന് ഹെറിങ്ടൺ പറയുന്നു.
മനുഷ്യ സംസ്കാരത്തിന്റെ അന്ത്യം പ്രവചിച്ച് 1972ൽ എം.ഐ.ടി ഗവേഷകർ നടത്തിയ പഠനം ‘ദ ലിമിറ്റ്സ് റ്റു എക്സ്പാൻഷൻ’ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ വർഷം ഏറ്റവും കൂടുതൽ വിറ്റുപോയ കൃതിയായിരുന്നു ഇത്. എന്തുവില കൊടുത്തും സാമ്പത്തിക വളർച്ച മാത്രം ലക്ഷ്യമിടുന്ന നയങ്ങളുമായി വ്യവസായ സ്ഥാപനങ്ങളും സർക്കാറുകളും മുന്നോട്ടുപോകുേമ്പാൾ പ്രകൃതി വിഭവങ്ങൾ തീരെ ശുഷ്കമായി വളർച്ച നിലക്കുന്നതാണ് കാരണമായി അവർ നിരത്തിയിരുന്നത്. ഇതിനെ പരിഹസിച്ചും പുഛിച്ചും നിരവധി പേർ രംഗത്തുവന്നതോടെ ഈ പുസ്തകവും വിമർശന ശരമേറ്റുവാങ്ങി. എന്നാൽ, കോവിഡ് മഹാമാരി രണ്ടു വർഷമായി മനുഷ്യനെ മുൾമുനയിൽ നിർത്തുകയും ലോകം മുഴുക്കെ മഹാപ്രളയത്തിനു സമാനമായ ഭീതി അനുഭവിക്കുകയും ചെയ്യുന്ന നാളുകളിൽ പ്രവചനങ്ങളെ ശരിവെക്കുകയാണ് പുതിയ ഗവേഷണം.
ഒരു പതിറ്റാണ്ടിനകം ലോകത്ത് വളർച്ച നിലച്ചുപോയേക്കുമെന്നും മനുഷ്യൻ ക്രമേണ സമ്പൂർണ വിനാശത്തിലേക്ക് നീങ്ങുമെന്നും പുതിയ ഗവേഷണം പറയുന്നു.