ടിപിആര്‍ കുറയ്ക്കാന്‍ ആകര്‍ഷകമായ സമ്മാനങ്ങളുമായി പഞ്ചായത്തംഗങ്ങളും മറ്റും ഇറങ്ങിയതോടെ
ഹിറ്റായി മലപ്പുറത്തെ കോവിഡ് ടെസ്റ്റ്
മലപ്പുറം : കോവിഡ് പരിശോധനയ്ക്കെത്തുന്നവര്‍ക്ക് 5,000 രൂപ, ഫുള്‍ ബ്രോസ്റ്റ്, ബിരിയാണി തുടങ്ങിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ജനപ്രതിനിധികളും സ്ഥാപനങ്ങളും. സമൂഹമാധ്യമങ്ങളില്‍ പ്രചാരണമേറിയതോടെ പരിശോധനാ ക്യാംപുകള്‍ ഹിറ്റായി. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായി കീഴുപറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കല്ലിങ്ങല്‍, മമ്പാട് പഞ്ചായത്തിലെ താഴത്തങ്ങാടി നൂറുല്‍ ഹുദ മദ്രസ എന്നിവിടങ്ങളില്‍ നടന്ന ക്യാംപുകളാണ് ജനം ആവേശത്തോടെ ഏറ്റെടുത്തത്.
ഒരു മാസത്തോളമായി ഡി കാറ്റഗറിയില്‍പ്പെട്ട കീഴുപറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗം വൈ.പി.സാകിയ നിസാര്‍ ആണ് പരിശോധനാ ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്കു സമ്മാനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഫുള്‍ ബ്രോസ്റ്റ് ആയിരുന്നു വാഗ്ദാനം. വാട്സാപ് സ്റ്റാറ്റസായും മറ്റും പ്രഖ്യാപനം വാര്‍ഡിലാകെ പരന്നു. വൈകിട്ടോടെ ഒരു ഹാര്ഡ്വെയര് സ്ഥാപനവും മറ്റൊരു ഭക്ഷണശാലയും സമ്മാനം നല്‍കാമെന്നറിയിച്ച് അംഗത്തെ സമീപിച്ചു. ഇതോടെ ക്യാംപിന്റെ പ്രചാരണത്തിനും ചൂടേറി.
രാവിലെ 10 മുതല്‍ 2 മണി വരെ പഴംപറമ്പ് സിഎം നഗര്‍ സിറാജുല്‍ഹുദ മദ്രസ, മുറിഞ്ഞമാട് അങ്കണവാടി, കല്ലിങ്ങല്‍ എഎംഎല്‍പി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. 200 പേരെയാണു പരമാവധി പ്രതീക്ഷിച്ചിരുന്നതെങ്കിലും 271 പേരെ പരിശോധിച്ചു. ആന്റിജന്‍ കിറ്റ് തീര്‍ന്നതോടെ റജിസ്ട്രേഷന് നിര്‍ത്തി. എന്നിട്ടും ആളുകളെത്തിയതോടെ മറ്റൊരു ദിവസം കൂടി ക്യാംപ് വയ്ക്കാമെന്നു ധാരണയിലെത്തി. ക്യാംപ് കഴിഞ്ഞയുടന്‍, 3 കേന്ദ്രങ്ങളിലുമെത്തിയവരുടെ റജിസ്ട്രേഷന് നമ്പര്‍ നറുക്കിട്ടെടുത്താണു വിജയികളെ പ്രഖ്യാപിച്ചത്.
മമ്പാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ളവര്‍ക്കാണു താഴത്തങ്ങാടിയിലെ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. ഇവിടെ പങ്കെടുക്കുന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി മമ്പാട് യൂണിറ്റാണ് 5000 രൂപ പ്രൈസ് മണി പ്രഖ്യാപിച്ചത്. പുറമെ മേപ്പാടം ബ്രദേഴ്സ് ക്ലബ് 5 പേര്‍ക്ക് ബിരിയാണിയും ഓഫര്‍ ചെയ്തു. ക്യാംപ് ചൊവ്വാഴ്ച കൂടിയുണ്ട്. ഇതിനുശേഷമാകും സമ്മാന പ്രഖ്യാപനം.
മലപ്പുറം ജില്ലയില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഡി കാറ്റഗറിയിലായതോടെ നിയന്ത്രണം കര്‍ശനമാണ്. വഴികളും പാലങ്ങളും പൊലീസ് അടച്ചിട്ടതിനെത്തുടര്ന്നും കടകള്‍ തുറക്കാന്‍ പറ്റാതെ വന്നതും കാരണം ജനം ഏറെ ബുദ്ധിമുട്ടിലുമാണ്. ഇതോടെയാണ് ടിപിആര്‍ കുറയ്ക്കാന്‍ ആകര്‍ഷകമായ പദ്ധതികളുമായി പഞ്ചായത്തംഗങ്ങളും മറ്റും ഇറങ്ങിയത്.