കാസര്കോട്മല്ലികാര്ജുന ക്ഷേത്രത്തില്‍ തിരിമറി: ജീവനക്കാരിക്ക് സസ്പെന്ഷന്വെട്ടിപ്പില്ലെന്ന് എക്സി. ഓഫീസര്ദേവസ്വം വകുപ്പിന് മൗനംവിശ്വാസികള് ആശങ്കയില്‍
കാസർകോട്:മല്ലികാർജുന ക്ഷേത്രത്തിന്റെ വരുമാനത്തിൽ തിരിമറി കാട്ടിയ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.അതേസമയം നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി തൊഴിലാളി സംഘടനയുടെ പ്രവർത്തകർ ട്രസ്റ്റി ഭാരവാഹികളെ തടഞ്ഞുവച്ചു.ഇന്നലെ യാണ് ക്ഷേത്രത്തിൽ നടകീയ സംഭവങ്ങൾ അരങ്ങേറിയത്.മൂന്നുമാസം മുമ്പ് ചുമതലയേറ്റ ട്രസ്റ്റി ബോർഡ് കണക്കുകൾ പരിശോധിച്ചപ്പോൾ 37,500 രൂപയുടെ ക്രമക്കേട് കണ്ടെത്തി. തുടർന്ന് സേവാ അക്കൗണ്ട് ക്ലർക്ക് ജ്ഞാനലതയ്ക്ക് ഏഴുദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരിമറി സമ്മതിച്ച് തുക തിരിച്ചടക്കാമെന്നും കാണിച്ച് ഇവർ മറുപടി നൽകി. ഇതു പരിശോധിച്ച ട്രസ്റ്റി ബോർഡ് ഇവർക്കെതിരെ നടപടിയെടുക്കാൻ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 20 ദിവസത്തേക്ക് അവധിയിൽ പ്രവേശിക്കാനാണ് ഓഫീസർ നിർദേശിച്ചത്. തുടർന്ന് അവധിയിൽ പോയ ജ്ഞാനലത കഴിഞ്ഞ ചൊവ്വാഴ്ച ജോലിയിൽ തിരികെ പ്രവേശിച്ചു. ട്രസ്റ്റി ബോർഡ് തീരുമാനം അംഗീകരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിച്ച ഓഫീസർക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.അതിനിടെ
തിങ്കളാഴ്ച ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിൽ മുൻ യോഗതീരുമാനം നടപ്പിൽ വരുത്താത്തത് ചർച്ചയായി. ബോർഡ് അംഗങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജ്ഞാനലതയെ സസ്പെൻഡ് ചെയ്ത് എക്സിക്യൂട്ടീവ് ഓഫീസർ ഉത്തരവിറക്കി. ഇക്കാര്യമറിഞ്ഞെത്തിയ ബിഎംഎസ് പ്രവർത്തകർ ജ്ഞാനലതയ്ക്ക് മാപ്പുനൽകണമെന്നും ക്രമക്കേട് നടത്തിയ പണം തിരികെ നൽകാമെന്ന് അറിയിച്ചതിനാൽ സസ്പെൻഡ് ചെയ്യാൻ പാടില്ലെന്നും ആവശ്യപ്പെട്ട് ട്രസ്റ്റി ഓഫീസിന് മുന്നിൽ തടിച്ചുകൂടി. ഏറെനേരത്തെ ഒച്ചപ്പാടുകൾക്ക് ശേഷം ഇക്കാര്യം മാധ്യമങ്ങളോട് പറയരുതെന്നും പുറത്തറിഞ്ഞാൽ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിയുയർത്തിയാണ് ബിഎംഎസ് പ്രവർത്തകർ ക്ഷേത്രത്തിൽ നിന്ന് പിരിഞ്ഞു പോയത്.
എന്നാൽ ക്ഷേത്രത്തിൽ ഒരഞ്ചു പൈസയുടെ തിരിമറി നടന്നിട്ടില്ലെന്ന് എക്സി. ഓഫീസർ ആവർത്തിച്ചു. ഭരണ സമിതി ക്ഷേത്രത്തിനെതിരെ അപവാദം പ്രചരിപ്പിക്കുകയാണെന്നും ഓഫീസർ ആരോപിച്ചു. നല്ലനിലയിലാണ്
മല്ലികാർജുനയിൽ കാര്യങ്ങൾ നടക്കുന്നതെന്നും ഓഫീസർ അവകാശപ്പെട്ടു. അതേസമയം ക്ഷേത്രത്തിൽ നടന്ന ബ്രഹ്മകല-പുനഃ പ്രതിഷ്ടാ മഹോത്സവത്തിലെ നടത്തിപ്പ് പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ട്രസ്റ്റി ബോർഡ് ഉയർത്തിക്കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്ഷേത്രത്തിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളിൽ ഭക്തജനങ്ങളിൽ പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങളിൽ മലബാർ ദേവസ്വം ബോർഡ് മൗനം തുടരുകയാണെന്നും ആക്ഷേപമുണ്ട്. മല്ലികാർജുന വിഷയത്തിൽ ഹൈന്ദവ സാമുദായിക സംഘടനകളും അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞു.