മടിക്കൈ സ്കൂളിലെ ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറിയ അജ്ഞാതൻ അശ്ലീല കമെന്റുകൾ പോസ്റ്റ് ചെയ്തു;
ക്ലാസ് നിർത്തിവെച്ച് അധ്യാപകൻ
നീലേശ്വരം: സ്കൂളിന്റെ ഓൺലൈൻ ക്ലാസിൽ വിദേശത്തു നിന്നും അജ്ഞാതൻ നുഴഞ്ഞു കയറി. അശ്ലീല കമെന്റുകൾ പോസ്റ്റ് ചെയ്തതോടെ അധ്യാപകൻ ക്ലാസ് നിർത്തിവെച്ച് വിദ്യാർഥികളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു.
മടിക്കൈ ബങ്കളം കക്കാട് ഗവ. ഹൈസ്കൂളിലെ ഓൺലൈൻ ക്ലാസിനിടെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. +1 (404) 909 8695 എന്ന നമ്പറാണ് വിദേശത്ത് നിന്നും ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസിൽ നുഴഞ്ഞ് കയറിയത്.
ഈ വിദേശ നമ്പർ ഓൺലൈൻ ക്ലാസിൽ നുഴഞ്ഞ് കയറിയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ക്ലാസ് നടന്ന് കൊണ്ടിരിക്കെയാണ് അശ്ലീല കമെന്റുകളും സംഭാഷണങ്ങളും വരാൻ തുടങ്ങിയത്.
ഇതോടെയാണ് ക്ലാസിൽ പുറത്ത് നിന്നുള്ള ആരോ നുഴഞ്ഞു കയറിയതായി വ്യക്തമായത്. സ്ഥിതി വഷളാകുന്ന ഘട്ടം എത്തിയപ്പോഴെക്കും ക്ലാസ് നിർത്തിവെച്ച് അധ്യാപകൻ കുട്ടികളോട് ലിങ്കിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
മലയാളത്തിലും അറബിയിലുമാണ് അശ്ലീലം പറഞ്ഞതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഏതെങ്കിലും വിദ്യാർഥിയിൽ നിന്നുമായിരിക്കാം ലിങ്ക് ഷെയർ ചെയ്യപ്പെട്ടതെന്നാണ് സംശയിക്കുന്നത്.
സംഭവത്തെ കുറിച്ച് സൈബർ സെല്ലിലും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകാൻ തന്നെയാണ് തീരുമാനമെന്നും ഇതിന്റെ പേരിൽ ഏതെങ്കിലും വിദ്യാർഥിയെ പ്രതിക്കുട്ടിൽ നിർത്തില്ലെന്നും എന്നാൽ യഥാർത്ഥ പ്രതിയെ കണ്ടെത്തേണ്ടതുണ്ടെന്നുമാണ് സ്കൂള് അധികൃതർ വ്യക്തമാക്കുന്നത്.
വിദ്യർഥികൾ ഒരു കാരണവശാലും ക്ലാസിന്റെ ലിങ്ക് പുറത്ത് ഷെയർ ചെയ്യരുതെന്നാണ് അധ്യാപകർ അഭ്യർഥിക്കുന്നത്. പല സ്കൂളുകളിലും ഇത്തരത്തിൽ അജ്ഞാതർ നുഴഞ്ഞു കയറുന്നുണ്ടെന്നും വിദ്യാർഥിനികളെ ഉൾപെടെ വശത്താക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന പരാതികൾ ഉയരുന്നുണ്ട്.