നീലേശ്വരം നഗരസഭയുടെ വിടുവായത്തം; ആധുനിക അറവുശാലയും ഇറച്ചി മാര്‍ക്കറ്റും പ്രഖ്യാപനത്തില്‍ ഒതുങ്ങി
നീലേശ്വരം: നീലേശ്വരം നഗരസഭ ബജറ്റിൽ പ്രഖ്യാപിച്ച കോട്ടപ്പുറത്തെ ആധുനീക അറവുശാലയും ഇറച്ചി മാർക്കറ്റും പ്രഖ്യാപനത്തിൽ ഒതുങ്ങി.
പുതിയ ഭരണസമിതിയുടെ പ്രഥമ ബജറ്റിലാണ് 30 ലക്ഷം രൂപ ചെലവിൽ കോട്ടപ്പുറത്ത് ആധുനീക അറവുശാലയും ഇറച്ചി മാർക്കറ്റും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം കഴിഞ്ഞു മാസം അഞ്ചു കഴിഞ്ഞെങ്കിലും
മാർക്കറ്റിന് ആവശ്യമായ സ്ഥലം പോലും ഭരണസമിതി കണ്ടെത്തിയിട്ടില്ല. കോട്ടപ്പുറത്ത് വേഗത്തിൽ മാർക്കറ്റ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ വൈസ് ചെയർമാൻ മുഹമ്മദ് റാഫി അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. നീലേശ്വരത്ത് ആധുനീക ഇറച്ചി മാർക്കറ്റ് സ്ഥാപിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന പത്തോളം അറവ് ശാലകളും മുപ്പതോളം കോഴി ഇറച്ചി കടകളും പ്രവർത്തിക്കുന്നുണ്ട്. നഗരസഭയും ആരോഗ്യ വകുപ്പും നിഷ്കർഷിക്കുന്ന നിയമങ്ങളൊക്കെയും പാലിക്കാൻ കടകൾക്ക് കഴിയാറുമില്ല. ഇതിന് പരിഹാരമായാണ് കോട്ടപ്പുറത്ത് ആധുനീക അറവുശാലയും ഇറച്ചി മാർക്കറ്റും സ്ഥാപിക്കുമെന്ന് നഗരസഭ അറിയിച്ചത്. നഗരസഭയിൽ ഇതുവരെ അറവുശാലയും ഇറച്ചി മാർക്കറ്റുമില്ല. അറവുശാലയും ഇറച്ചി മാർക്കറ്റും സ്ഥാപിക്കുന്നതിന് ആനച്ചാലിലെ നഗരസഭയുടെ കീഴിലെ സ്ഥലം ഉപയോഗിക്കാൻ നഗരസഭ ആലോചിച്ചിരുന്നെങ്കിലും ടൗൺ ഹാളും, എൻസിസി ഓഫീസും സ്ഥാപിക്കുന്നതിനാൽ മാർക്കറ്റിന് ആവശ്യമായ സ്ഥലം ആനച്ചാലിൽ കണ്ടെത്തുവാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ആനച്ചാലിൽ സ്വകര്യ വ്യക്തികളുടെ സ്ഥലം വിലകൊടുത്ത് വാങ്ങി മാർക്കറ്റ് സ്ഥാപിക്കുവാൻ നഗരസഭ തയ്യാറാകണമെന്നാവശ്യം ശക്തമായിട്ടുണ്ട്. ആനച്ചാലിൽ സ്ഥാപിച്ചാൽ നഗരസഭയുടെ എല്ലാ ഭാഗത്തുനിന്നുള്ളവർക്കും എളുപ്പത്തിൽ മാർക്കറ്റില്ലെത്താനാകും. എൽ ഡി എഫ് ഭരിക്കുന്ന നഗരസഭ ഭരണസമിതി പ്രഖ്യാപനങ്ങൾ അല്ലാതെ ഒന്നും തന്നെ യാതാർഥ്യമാക്കാറില്ലെന്ന ആക്ഷേപം സിപിഎം പ്രവർത്തകരിലും ഇടത് പക്ഷ അനുഭവികളിലുമുണ്ട്. ഒരു കോടി രൂപ ചെലവിൽ കോട്ടപ്പുറത്ത് നിർമ്മിക്കുമെന്ന് പറഞ്ഞിരുന്ന ടൗൺ ഹാളും ശിലാസ്ഥാപനത്തിൽ ഒതുങ്ങിയിരിക്കുകയാണ്