ബ്ലേഡ് മാഫിയയുടെ ഭീഷണി: മധ്യവയസ്ക്കൻ തൂങ്ങി മരിച്ചു
പാലക്കാട്: ബ്ലേഡ് മാഫിയയുടെ ഭീഷണി ഭയന്ന് പാലക്കാട് വീണ്ടും ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടി (56) ആണ് മരിച്ചത്. വീടിന്റെ ഉമ്മറത്ത് തിങ്കളാഴ്ച പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്.
ട്രാക്ടർ ഡ്രൈവർ ആയിരുന്നു. അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു കണ്ണൻകുട്ടിക്ക്. കൃഷി നടത്താനും മറ്റാവശ്യങ്ങൾക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. ഇരുകൂട്ടരും വീട്ടിൽ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സഹോദരി ഭർത്താവ് ചന്ദ്രൻ പറഞ്ഞു.
ഇന്നലെയും നെന്മാറയിലെ കെ.ആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.