മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ തർക്കം; മുസ്ലിം ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവർത്തകർ. യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന് നേതാക്കൾ.
മലപ്പുറം : മക്കരപ്പറമ്പിൽ മുസ്ലിം ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവർത്തകർ. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നേതാക്കളെ പൂട്ടിയിട്ടത്. യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം.
ജൂൺ 21നാണ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ചോലക്കൽ കോയ കൊവിഡ് ബാധിച്ച് മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് വീണ്ടും പുതിയ പ്രസിഡന്റിനെ തീരുമാനിക്കാനൊരുങ്ങുകയായിരുന്നു. എന്നാൽ വാർഡ് അംഗങ്ങളും പാർട്ടി ഭാരവാഹികളും അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗം സംഘർഷത്തിലേക്കെത്തുകയാണുണ്ടായത്. യൂത്ത് ലീഗിനെ പരിഗണിക്കാതെ മറ്റൊരാളെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ മുസ്ലിംലീഗ് ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് തർക്കമുണ്ടായതും നേതാക്കളെ ഓഫിസിനുള്ളിൽ പൂട്ടിയിട്ടതും.
യുഡിഎഫിന്റെ പതിനൊന്ന് മെമ്പർമാരും ജില്ലാ മുസ്ലിം ലീഗിന്റെ സെക്രട്ടറിയും പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പ്രസിഡന്റ്, മറ്റ് ഭാരവാഹികളും പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. നിലവിൽ യൂത്ത് ലീഗ് പ്രവർത്തകർ പൂട്ട് തുറന്നുകൊടുക്കാൻ തയാറായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന വൈസ് പ്രസിഡന്റിനെ, പ്രസിഡന്റായി നിയമിക്കാനായിരുന്നു മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വവും ജില്ലാ നേതൃത്വവും തീരുമാനിച്ചത്. എന്നാൽ അനീസ് മടത്തലിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കണമെന്നാണ് യൂത്ത് ലീഗ് പ്രവർത്തകരുടെ ആവശ്യം. എല്ലാ കാലവും അധികാരം കൈവശപ്പെടുത്തുക എന്നുള്ളത് ചിലരുടെ അജണ്ടയായി മാറിയെന്നും തിരിച്ചടികൾ നിന്നും ഇതുവരെ പാഠം ഉൾക്കൊള്ളാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. എന്നാൽ പ്രതിഷേധിച്ച് അവർക്കെതിരെ നടപടി എടുക്കും എന്നാണ് മലപ്പുറം ജില്ലാ ലീഗ് നേതൃത്വത്തിന് നിലപാട്.
യോഗം നടക്കുന്ന ലീഗ് ഓഫിസിന്റെ കവാടമാണ് പൂട്ടിയിട്ടത്. തുടർന്ന് പ്രവർത്തകർ പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസും എത്തിച്ചേർന്നിട്ടുണ്ട്.