സഹകരണബാങ്കിൽ വൻ മോഷണം; പൊന്നും പണവും തട്ടിയെടുത്തു, നഷ്ടമായത് ഏഴ് കിലോയോളം സ്വർണമെന്ന് വിവരം
പാലക്കാട്: ചന്ദ്രനഗറിലെ സഹകരണബാങ്കിൽ വൻ മോഷണം. ബാങ്ക് ലോക്കർ തകർത്ത മോഷ്ടാക്കൾ ലോക്കറിനുളളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കൊണ്ടുപോയി. ഏകദേശം ഏഴ് കിലോയോളം സ്വർണം നഷ്ടമായെന്നാണ് വിവരം. മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് വൻ കവർച്ച നടന്നത്.സ്ട്രോംഗ് റൂമിലെ അഴികളെല്ലാം ഗ്യാസ് കട്ടറുപയോഗിച്ച് അറുത്ത് നീക്കിയ ശേഷം സൂക്ഷിച്ചിരുന്ന പണവും ആഭരണവും മോഷ്ടാക്കൾ എടുക്കുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ബാങ്കിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുളള എല്ലാം മോഷ്ടാക്കൾ കൊണ്ടുപോയി.ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണായതിനാൽ ബാങ്ക് തുറന്നിരുന്നില്ല. അതിനാൽ വെളളിയാഴ്ചയ്ക്ക് ശേഷം ഇന്ന് പുലർച്ചെ ബാങ്ക് തുറന്നപ്പോഴാണ് അധികൃതർ വലിയ കവർച്ചയുടെ വിവരം അറിയുന്നത്.