ജന്മനാകൈകളില്ല, കാലിലൂടെ വാക്സിന് സ്വീകരിച്ച് പ്രണവ്: ഇങ്ങനെയൊരു വാക്സിനേഷന് കേരളത്തിലാദ്യം
പാലക്കാട്: കേരളത്തിൽ ആദ്യമായി കാലുകളിലൂടെ കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ച് ആലത്തൂർ സ്വദേശി പ്രണവ്. ജന്മനാ രണ്ട് കൈകളും ഇല്ലാത്ത 22 കാരനായ പ്രണവ് ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക അനുമതി നേടിയാണ് കാലിലൂടെ വാക്സിൻ സ്വീകരിച്ചത്. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വാക്സിനേഷൻ നടക്കുന്നത്.പ്രണവ് സൈക്കിൾ ചവിട്ടിയാണ് ആലത്തൂർ പഴയ പോലീസ് സ്റ്റേഷനിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയത്. ഒപ്പം അച്ഛൻ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. പ്രണവിന്റെ ശരീരത്തിൽ എവിടെ വാക്സിൻ കുത്തിവെയ്ക്കണമെന്ന് ആരോഗ്യ പ്രവർത്തകർക്ക് ആദ്യം സംശയമുണ്ടായിരുന്നു. എന്നാൽ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം കാലിൽ കുത്തിവെപ്പെടുക്കുകയായിരുന്നു.
കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് അരമണിക്കൂർ നിരീക്ഷണത്തിന് ശേഷം സൈക്കിളിൽ തന്നെ പ്രണവ് വീട്ടിലേക്ക് മടങ്ങി. വാക്സിനെടുക്കുന്നതിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതിനുള്ള മറുപടിയാണ് തന്റെ വാക്സിനേഷനെന്ന് പ്രണവ് പറഞ്ഞു. ഇത്തരമൊരു കൊറോണ വാക്സിനേഷൻ അപൂർവ്വമെന്നാണ് ആരോഗ്യ വകുപ്പ് പ്രതികരിച്ചത്.