കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ സ്വര്‍ണ്ണക്കപ്പ് എത്തി. കോഴിക്കോട് നിന്നും ഇന്ന് രാവിലെ പത്ത് മണിയോടെ എത്തിയ സ്വര്‍ണ്ണക്കപ്പിന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ രാജകീയ സ്വീകരണം നല്കി.
ജി.എച്ച്.എസ്.എസ് പിലിക്കോടിന്റെ നേതൃത്വത്തിലാണ് കാലിക്കടവില്‍ സ്വര്‍ണ്ണകപ്പിന് സ്വീകരണം നല്‍കിയത്. ഇവിടെ വെച്ച് നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് ജില്ലയുടെ വിദ്യാഭ്യാസ അധികാരികള്‍ പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എം.കെ.ഷൈന്മോന്, കാസര്‍കോട് ഉപ ഡയറക്ടര്‍ കെ.വി.പുഷ്പ എന്നിവര്‍ക്ക് കപ്പ് കൈമാറി. തുടര്‍ന്ന് ട്രോഫി കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുറന്ന ജീപ്പിലാണ് കപ്പ് കലോത്സവം നടക്കുന്ന കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരുന്നത്. ഇതിനിടയില്‍ നീലേശ്വരം എന്‍.കെ.ബി.എം സ്കൂളിലും ഹൊസ്ദുര്‍ഗ്ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലും സ്വീകരണം നല്‍കിയശേഷം സ്വര്‍ണ്ണക്കപ്പ് കാഞ്ഞങ്ങാട് സബ് ട്രഷറിയില്‍ എത്തിക്കും.വീട്ടിത്തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഗ്രന്ഥവും അതിന് മുകളില്‍ 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ട കൈകളില്‍ വലംപിരിശംഖ് എന്നിവയുടെ മാതൃകയിലാണ് കലാകേരളത്തിന്റെ ആവേശമായ സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിച്ചത്. 117.5 പവന് തൂക്കമാണ് ഇതിനുള്ളത്.