ഇടതുമുന്നണിയെ നാറ്റിക്കാനുറച്ച് ഐഎൻഎൽ.. നേതൃയോഗത്തിൽ പ്രവർത്തകർ തമ്മിൽതല്ലി, സംഘർഷം മന്ത്രി ദേവർകോവിലിന്റെ സാന്നിദ്ധ്യത്തിൽ
കൊച്ചി: അധികാര ലബ്ധിയിൽ മതിമറന്ന പിളർപ്പിന്റെ വക്കിലെത്തി നിൽക്കുന്ന ഇടത് മുന്നണിയിലെ ഘടകകക്ഷിയായ ഐഎൻഎലിന്റെ കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിൽ പൊരിഞ്ഞ സംഘർഷം. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പടെ പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവർത്തകർ തമ്മിലടിച്ചത്. സംഘർഷം നിയന്ത്രിക്കാനായി യോഗം നടക്കുന്ന ഹോട്ടലിലേക്ക് കൂടുതൽ പൊലീസ് എത്തി . കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ അവ ലംഘിച്ച് യോഗം നടത്താൻ അനുവദിച്ചതിന് ഹോട്ടലിനെതിരെ കേസെടുത്തു. സ്ഥലത്ത് ഇപ്പോഴും പ്രവർത്തകർ തമ്മിൽ വാക്കേറ്റം തുടരുകയാണ്.പാർട്ടി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൾ വഹാബും തമ്മിലുളള അഭിപ്രായ ഭിന്നതയാണ് സംഘർഷത്തിന് ഇടയാക്കിയത്. യോഗത്തിൽ ഇരുവരും തമ്മിൽ തർക്കിക്കുകയും തുടർന്ന് ഹോട്ടലിന് പുറത്തെത്തിയ അബ്ദുൾ വഹാബ് യോഗം റദ്ദാക്കിയതായി മാദ്ധ്യമങ്ങളെ അറിയിച്ചു. ഇതോടെ പ്രവർത്തകർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടാകുകയും തെരുവിൽ തമ്മിൽ തല്ലുകയും ചെയ്തു. പൊലീസെത്തി ഇവരെ പിടിച്ചുമാറ്റി.ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഒരുകൂട്ടം പ്രവർത്തകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിനെ നിയമിച്ചതിലും പിഎസ്സി അംഗത്വത്തിനായി കോഴയുടെ പേരിലും പാർട്ടി വിവാദങ്ങത്തിലായിരുന്നു. ഇതിനൊപ്പമാണ് മന്ത്രി പിഡിപി നേതാക്കളുടെയടുത്ത് സന്ദർശനം നടത്തി എന്ന വിവാദവും. ഇരുവിഭാഗങ്ങളും തമ്മിലെ പ്രശ്നം ഇടത്മുന്നണിക്ക് തലവേദനയായിരിക്കുകയാണ്.