മലക്കപ്പാറക്കടുത്ത് പാലം തകർന്നു; അന്തർസംസ്ഥാന ഗതാഗതം മുടങ്ങി
അതിരപ്പിള്ളി: ആനമല അന്തർസംസ്ഥാന റോഡിൽ മലക്കപ്പാറക്ക് സമീപം പാലം തകർന്ന് ഗതാഗതം മുടങ്ങി. മഴയെ തുടർന്ന് റോഡ് മണ്ണിടിച്ചിൽ ഭീഷണിയിലായിരുന്നു ,മലക്കപ്പാറക്കും പത്തടിപ്പാലത്തിനും ഇടയിലുള്ള പാലമാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ തകർന്നത്. മലക്കപ്പാറയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. ഈ റൂട്ടിൽ വാൽപ്പാറ, മലക്കപ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മലയിൽനിന്നുള്ള ഒരുചെറിയ തോടിന് മുകളിലുള്ള പാലത്തിെൻറ പ്രധാന സ്ലാബും വശത്തെ ഭിത്തിയുമാണ് തകർന്നത്. വാഹനങ്ങൾ കടന്നുപോകാൻ ബദൽ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 2018ലെ പ്രളയത്തെ തുടർന്ന് ആനമല റോഡിൽ ഗുരുതര മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റോഡ് ഇടിയുകയും മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവർഷം കൊണ്ടാണ് അത് കെട്ടി ഉയർത്തിയത്. മഴ പെയ്താൽ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.