കണ്ണൂര്‍: സര്‍ജിക്കല്‍ ബ്ലേഡുകളും വടിവാളുകളും ഇരുമ്പ് ദണ്ഡും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്ത്തകന് പൊലീസ് പിടിയിലായി. കണ്ണൂര്‍ വാരം മുണ്ടയാട്ടെ മുഹമ്മദ് ഫസീമിനെ (24)യാണ് ടൗണ്‍ എസ്.ഐ. ബി.എസ് ബവീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കക്കാട് ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയെ തുടര്‍ന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്. മുഹമ്മദ് ഫസിം അടക്കം അഞ്ച് പേര് രണ്ട് ബൈക്കുകളിലായാണ് എത്തിയത്. ഫസിം പിടിയിലായതോടെ മറ്റ് നാല് പേര് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വാഹനങ്ങളുടെ നാല് നമ്പര്‍ പ്ലേറ്റുകള്‍, സര്‍ജിക്കല്‍ ബ്ലേഡുകള്, രണ്ട് കട്ടിംഗ് പ്ലെയര്‍, വടിവാള്‍, രണ്ട് ഇരുമ്പ് ദണ്ഡുകള്, കഠാര തുടങ്ങിയ മാരകായുധങ്ങളാണ് കണ്ടെടുത്തത്.