ഉദുമയിലെ 2.71 കോടി യുടെ മുക്കുപണ്ട പണയത്തട്ടിപ്പ്; റിമാൻഡിലായ ഒന്നാം പ്രതിയുടെ തരികിട കണ്ട് അമ്പരന്ന് ബേക്കൽ പോലീസ്.
ഉദുമ : ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഒ.ബി.) ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയ കേസിലെ ഒന്നാം പ്രതി റിമാൻഡിൽ. മേൽപ്പറമ്പ് അരമങ്ങാനം കൂവത്തൊട്ടി സുനൈബ് വില്ലയിലെ കെ.എ. മുഹമ്മദ് സുഹൈറിനെ (32) ആണ് ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടരന്വേഷണത്തിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ബേക്കൽ പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം സുഹൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മുക്കുപണ്ടങ്ങൾ, ചെമ്പിൽ സ്വർണം പൂശാനുപയോഗിക്കുന്ന ഇലക്ട്രോപ്ലേറ്റിങ് സാമഗ്രികൾ, ബാങ്കിൽ സ്വർണം പണയപ്പെടുത്തിയതിന്റെ രസീതുകൾ തുടങ്ങിയവ കണ്ടെടുത്തു. ബാങ്കിൽ പണയപ്പെടുത്തിയ മുക്കുപണ്ടങ്ങൾ തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ഐ.ഒ.ബി.യുടെ ഉദുമ ശാഖയിൽ സുഹൈറും കൂട്ടാളികളായ മറ്റ് 12 പേരും ചേർന്ന് പലതവണകളായി മുക്കുപണ്ടം പണയപ്പെടുത്തി 2,71,36,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഓഡിറ്റിങ് സമയത്ത് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തുടർന്ന് ബാങ്ക് മാനേജർ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാർ, ഇൻസ്പെക്ടർ പി. രാജേഷ്, എസ്.ഐ.മാരായ പി.പി. രമേശൻ, രാമചന്ദ്രൻ, എ.എസ്.ഐ. പ്രസാദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുധീർ ബാബു, ധന്യ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.