മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് നാലുപേർ ചേർന്ന് എസ്.ഐയെ മർദിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പേരൂര്‍ക്കട എസ്.ഐ നന്ദകൃഷ്ണനെ മർദിച്ചതായി പരാതി. മാസ്ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണത്രെ നാലുപേർ ചേർന്ന് എസ്.ഐയെ മർദിച്ചത്. പരിക്കേറ്റ എസ്.ഐ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. നൈറ്റ് പട്രോളിങ്ങിനിറങ്ങിയതായിരുന്നു എസ്.ഐ. കുടപ്പനക്കുന്ന് ജങ്ഷന് സമീപം യുവാക്കള്‍ മാസ്ക് ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാനായി ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് ചോദിച്ചു. എന്നാല്‍ അത് വെളിപ്പെടുത്താന്‍ തയാറാകാതിരുന്ന ഇവര്‍ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു.
തുടര്‍ന്ന് യുവാക്കള്‍ എസ്.ഐ നന്ദകൃഷ്ണനെ മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തുവെന്നാണ് പരാതി. കുടപ്പനക്കുന്ന് സ്വദേശി ജിതിന് ജോസ്, പാതിരപ്പള്ളി സ്വദേശി ലിബിന് എന്നിവരെ കസ്റ്റഡിയില്‍ എടുത്തത്. മറ്റ് രണ്ട് പേര് ഓടി രക്ഷപെട്ടു.