ജൂലൈ 26 ന് നീലേശ്വരം നഗരസഭയില്‍ മെഗാ കോവിഡ് പരിശോധനാ ക്യാമ്പ്
നീലേശ്വരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തില്‍ ജൂലായ് 26ന് തിങ്കളാഴ്ച വ്യാപാര ഭവനില്‍ കോവിഡ് പരിശോധനാ മെഗാ ക്യാമ്പ് നടത്തും. നഗരസഭാ അധികൃതര്‍ക്കും പൊലീസിനും പുറമെ വ്യാപാരി, ഓട്ടോ, ടാക്സി, ലോറി, ചുമട്ട് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മെഗാക്യാമ്പില്‍ കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരികള്‍, ഓട്ടോ -ടാക്സി – ലോറി തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ക്കായി ആകെ അറുന്നൂറോളം പേര്‍ക്കുള്ള പരിശോധനാ സൗകര്യമാണ് തിങ്കളാഴ്ച ഒരുക്കുന്നത്.
ജൂലായ് 28 മുതല്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ടോ രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ സാക്ഷ്യപത്രമോ ഇല്ലാതെ നീലേശ്വരീ നഗരത്തില്‍ പ്രവേശിക്കുന്നതിനോ കടകള്‍ തുറക്കുന്നതിനോ തൊഴിലെടുക്കുന്നതിനോ അനുവദിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു.
തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് പൊലീസിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്കി.
യോഗത്തില്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ ടി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി തുളസീരാജ്,
എസ്.ഐ ജയചന്ദ്രന് ഇ, താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം .കുഞ്ഞികൃഷ്ണന്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.മോഹനന് , ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍മാരായ പ്രദീപന് കെ.വി, എം. ശൈലജ, കുടുംബശ്രീ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ കെ. ഗീത, മാഷ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം. ബാബുരാജ് തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു.