നാടകത്തെ നെഞ്ചോട് ചേർത്ത കാഞ്ഞങ്ങാടിൻ്റെ ഗോപിയാശാൻ വിടവാങ്ങിയത് കാലം മറന്ന അതുല്യ പ്രതിഭഡോ. കൊടക്കാട് നാരായണൻ്റെ അനുസ്മരണ കുറിപ്പ്
കാഞ്ഞങ്ങാട് : നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സി.കെ.ഗോപിനാഥൻ എന്ന കാഞ്ഞങ്ങാടിന്റെ ഗോപിയാശാൻ. നാടക നടൻ എന്നതിലുപരി ഹാസ്യാഭിനയ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ‘മലബാർ ചാർലി ചാപ്ലിൻ ‘എന്ന പേരിൽ പ്രശസ്തനായ രസിക ശിരോമണി കോമൻ നായരിൽ നിന്നും പകർന്നു കിട്ടിയ അഭിനയ സിദ്ധി ഊതിക്കാച്ചി മിനുക്കിയെടുത്ത കലാകാരനെ തേടി സർക്കാർ പുരസ്കാരങ്ങൾ ഒന്നും എത്തിയിട്ടില്ലെങ്കിലും നാടക ലോകം അദ്ദേഹത്തിന്റെ കഴിവിനെ കണ്ടറിയുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്.
ആറാം വയസ്സിൽ ഭക്ത പ്രഹ്ലാദൻ എന്ന നാടകത്തിൽ ആയിരുന്നു അരങ്ങേറ്റം. രചനയും സവിധാനവും പരിശീലകനും അച്ഛൻ കോമൻ നായർ തന്നെ.
മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ പ്രധാനാധ്യാപകനായിരുന്നു അന്ന് കോമൻ നായർ . വിദ്യാലയത്തിനു വേണ്ടി നിമിഷ നേരം കൊണ്ട് നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും കണ്ട് വളർന്ന ഗോപിനാഥൻ എല്ലാ നാടകങ്ങളിലും കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂളിലെത്തിയതോടെ ഗോപിനാഥൻ കഴിവു തെളിയിച്ച നടനായി സഹൃദയ ലോകം അംഗീകരിച്ചു. പതിനാറാം വയസ്സിൽ എടനീർ മാധിപതിയിൽ നിന്നാണ് ആദ്യ പുരസ്കാരം ലഭിക്കുന്നത്.
പഠന കാലത്ത് അരങ്ങേറിയ നാടകങ്ങളിലെല്ലാം നിറഞ്ഞു നിന്നു. മലയാളിയുടെ ജീവിതാവിഷ്കരണത്തിന് ഏക ജനകീയ മാധ്യമമായി നാടകങ്ങൾ മാറുകയും നാട്ടിൻ പുറത്തെ ഗ്രാമീണ നാടക സംഘങ്ങൾ നാടകാവതരണം ജനകീയമായി ഏറ്റെടുക്കുകയും ചെയ്ത എഴുപതുകളിലാണ് ഗോപിനാഥൻ എന്ന നാടക പ്രവർത്തകൻ നിറഞ്ഞു നിന്നത്. ശക്തവും തീവ്രവുമായ പ്രമേയങ്ങൾ മൂലവും അവതരണത്തിന്റെ പുതുമ കൊണ്ടും പ്രേക്ഷകരുടെ ജന ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി നാടകങ്ങളിലൂടെ ഗോപിനാഥൻ കേരളത്തിലെ തിരക്കുപിടിച്ച നടന്മാരിലൊരാളായി മാറി.
നീലേശ്വരം ജനകീയ കലാസമിതിയുടെയും കാഞ്ഞങ്ങാട് നവോദയ നാടക സംഘത്തിന്റെയും പ്രവർത്തകനായിരുന്ന ഗോപി ഈ സംഘങ്ങളുടെ എല്ലാ നാടകങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എസ് എൽ പുരം സദാനന്ദൻ രചിച്ച ഒരാൾ കൂടി കള്ളനായിരുന്നു എന്ന നാടകം മാത്രം നൂറ്റി അറുപതിലേറെ വേദികളിൽ അവതരിപ്പിച്ചു. കൊങ്ങിണി സ്വാമി എന്ന മുഖ്യ വേഷമാണ് ഗോപിയാശാൻ അവതരിപ്പിച്ചു. തെക്കൻ കേരളത്തിൽ എസ്.എൽ.പുരം തന്നെയാണ് പ്രയാസമുള്ള ഈ വേഷം കൈകാര്യം ചെയ്തിരുന്നത്. തൃക്കരിപ്പൂരിൽ നാടകത്തിന്റെ ഉദ്ഘാടന പരിപാടിയിൽ എസ്.എൽ. പുരം എത്തുന്നതറിഞ്ഞ് ഗോപിനാഥൻ പരിഭ്രമിച്ചു. നാടകത്തിന്റെ കുലപതിക്കു മുന്നിൽ നാടകാചാര്യനായ അച്ഛനെ ഓർമ്മിച്ച് അരങ്ങിൽ നിറഞ്ഞാടി. നാടകത്തിന്റെ തിരശ്ശീല വീണപ്പോൾ എസ്.എൽ.പുരം ‘കൊങ്ങിണി സ്വാമിയെ’ ചേർത്തു പിടിച്ചു അഭിനന്ദിച്ചു. ഉദ്ദേശിച്ചതിനെക്കാൾ നന്നായി കഥാപാത്രത്തെ അവതരിപ്പിച്ച നാടക പ്രതിഭയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.
തിക്കൊടിയൻ , അക്കിത്തം, മദിരാശി സർക്കാരിൽ മന്ത്രിയായിരുന്ന കെ.മാധവ മേനോൻ , മുൻമന്ത്രി എൻ കെ ബാലകൃഷ്ണൻ എന്നിവരിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്. സിനിമാ നടൻ ആലം മൂടൻ, മണവാളൻ ജോസഫ്, മാവേലിക്കര പൊന്നമ്മ, അമ്പലപ്പുഴ രാജമ്മ എന്നിവരോടൊപ്പം നാടകങ്ങളിൽ വേഷമിട്ടു.
പട്ടാഭിഷേകം, ഭൂമിയിലെ മാലാഖ, പ്രേതങ്ങളുടെ താഴ് വര തുടങ്ങി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രാദേശികമായി പല ഭാഗങ്ങളിലും കണ്ടെത്തുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും നാടക രംഗത്തേക്ക് കൈപിടിച്ചുയർത്താനും ഗോപിയാശാൻ കാണിച്ച താല്പര്യത്തെക്കുറിച്ച് പുതിയ തലമുറയിലെ നാടക കലാകാരന്മാർ അനുസ്മരിക്കാറുണ്ട്.