ഇന്ത്യയ്ക്ക് ആദ്യ മെഡല്‍, ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി
ടോക്യോ: ഒളിമ്പിക്സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തില്‍ വെള്ളി നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡല്‍ നേടിയത്.
ഈ വിഭാഗത്തില്‍ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായി ഉയര്‍ത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയാണ് മീരാഭായ് ചാനു.