ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എൻസിപി-കോൺഗ്രസ് കക്ഷികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി. വിശ്വാസവോട്ടെടുപ്പിൽ സുപ്രീംകോടതി നാളെ രാവിലെ 10:30ന് വിധി പറയും.
മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഗവർണറുടെ തീരുമാനത്തിന്റെ പകർപ്പ് കയ്യിലുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. അജിത് പവാറിന്റെ പിന്തുണക്കത്ത് കോടതിയിൽ ഹാജരാക്കി. നിയമസഭാ കക്ഷി നേതാവായി തന്നെ തെരഞ്ഞെടുത്തെന്ന് അജിത് പവാർ കത്തിൽ പറയുന്നു. ഗവർണർ ക്ഷണിച്ച നടപടിയിലേക്ക് കടക്കുന്നില്ലെന്നും മുന്നിലുള്ള വിഷയം വിശ്വാവോട്ടെടുപ്പ് മാത്രമാണെന്നും കോടതി പറഞ്ഞു. കേസിൽ കക്ഷിചേരാന്‍ ഹിന്ദുമഹാസഭ നല്കിയ ഹര്‍ജി തള്ളി.
ശിവസേന-എൻസിപി‐കോൺഗ്രസ് സഖ്യത്തിന് 154 പേരുടെ പിന്തുണയുണ്ടെന്നും രാഷ്ട്രപതി ഭരണം പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്നും വിശ്വാസവോട്ടെടുപ്പ് വേഗം നടത്തണമെന്നും കപില്‍ സിബല്‍ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും പ്രോടൈം സ്പീക്കറെ കോടതി തീരുമാനിക്കണമെന്നും കബിൽ സിബൽ കോടതിയിൽ പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയംവേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. ഫഡ്നാവിസും അജിത് പവാറും ഗവര്‍ണര്‍ക്ക് നല്കിയ കത്തും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ ഫഡ്നാവിസിനയച്ച കത്തും കോടതിയില്‍ വായിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കുമായി റോഹ്ത്തഗിയും തുഷാര്‍ മേത്തയും ഹാജരായി. ശിവസേന‐കോൺഗ്രസ്‐എൻസിപി കക്ഷികള്‍ക്കായി കബില്‍ സിബലും മനു അഭിഷേക് സിങ് വിയുമാണ് കോടതിയിലെത്തിയത്.
അതിനിടെ വിശ്വാസവോട്ടിന് മുന്നോടിയായി മുംബൈയിൽ രാഷ്ട്രീയനീക്കങ്ങൾ തകൃതിയായി. ബിജെപി എംഎൽഎമാരുടെ യോഗം വിളിച്ച ഫഡ്നാവിസ്, ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. . ത്രികക്ഷി സഖ്യത്തിലെ എംഎൽഎമാർ റിസോർട്ടിലും പഞ്ചനക്ഷത്ര ഹോട്ടലിലുമാണ്.