ഉദുമയില്‍ ലീഗുകാര്‍ സി എച്ച് കുഞ്ഞമ്പുവിന് വോട്ട് മറിച്ചു,നീലകണ്ഠൻ പിന്നിൽ നിന്ന് കുത്തി, എൻ എസ് എസും തിരിച്ചടിച്ചു,കാദർ മാങ്ങാട് തിരിഞ്ഞുനോക്കിയില്ല പരാതി ഉയർത്തി പെരിയ ബാലകൃഷ്ണൻ
കാസര്‍കോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയില്‍ മുസ്ലീം ലീഗ്എൽ ഡി എഫിന് വോട്ട് മറിച്ചെന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ബാലകൃഷ്ണന് പെരിയ. ചെമ്മനാട്, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളില്‍ ലീഗ് വോട്ട് പൂര്‍ണമായും തനിക്ക് ലഭിച്ചില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയെന്നും ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ബാലകൃഷ്ണന് പറഞ്ഞു.
യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കേണ്ട ചെമ്മനാട് വളരെ പിറകോട്ട് പോയി. എന്‍എസ്എസിന്റെ പിന്തുണ ലഭിച്ചില്ല. കെപിസിസി സെക്രട്ടറി കെ നീലകണ്ഠനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ജനശ്രീ ജില്ലാ ചെയര്മാന് കൂടിയായ അദ്ദേഹം യൂണിറ്റുകളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി ഉപയോഗിച്ചില്ല. സ്ഥാനാര്‍ഥിയുടെ ജാതീയ പരാമര്‍ശം വിനയായതായും ഒരു സമുദായത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുത്തിയതായും പരാതി ഉയര്‍ന്നു.
ഡിസിസിയെ വിശ്വാസത്തിലെടുക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ഇത് തോല്‍വിക്ക് കാരണമായി. ഖാദര്‍ മാങ്ങാടിനെ മൂന്ന് തവണ വീട്ടില്‍പോയി കണ്ടിട്ടും പ്രചാരണത്തിന് വന്നില്ലെന്ന് കാഞ്ഞങ്ങാട് സ്ഥാനാര്‍ഥിയായിരുന്ന പി വി സുരേഷ് പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതിയംഗം കെ കെ നാരായണനും പ്രവര്ത്തനത്തിനിറങ്ങിയില്ല. മണ്ഡലം കമ്മിറ്റികള്‍ മിക്കതും നിര്‍ജീവമായിരുന്നു. മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ കെപിസിസി ഭാരവാഹികള്‍ വരെയുള്ള 75 പേര് പരാതി പറയാനെത്തി.
ശനിയാഴ്ച തൃക്കരിപ്പൂര്‍, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലുള്ളവരുമയി കൂടിക്കാഴ്ച നടത്തും. അജയ് തറയില്‍, കുര്യന് ജോയി, എം സി ദിലീപ്കുമാര് എന്നിവരാണ് സമിതി അംഗങ്ങള്‍.