കാഞ്ഞങ്ങാട്ടെ കവർച്ചാ പരമ്പര അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ്
കവർച്ചകൾക്ക് പിന്നിൽ കാരാട്ട് നൗഷാദും സംഘവുമെന്ന് സംശയം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന കവർച്ച പരമ്പരകളിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി ഹൊസ്ദുർഗ് ഡിവൈഎസ്പി ഡോ.വി ബാലകൃഷ്ണൻ അറിയിച്ചു.
ഒരാഴ്ച്ചക്കുള്ളിൽ കാഞ്ഞങ്ങാട് രണ്ടാമതാണ് ഇന്നലെ കവർച്ച നടക്കുന്നത്. ആലാമിപ്പള്ളിയിലെ നീതി മെഡിക്കൽ സ്റ്റോറിലും കാഞ്ഞങ്ങാട് നഗരത്തിലെ നയാബസാർ കോംപ്ലക്സിലെ മജസ്റ്റിക് മൊബൈൽ കടയിലുമാണ് ഇന്നലെ രാത്രി കവർച്ച നടന്നത്. നീതി മെഡിക്കൽ സ്വറ്റോറിൽ നിന്നും 70000 രൂപയും,മൊബൈൽ കടയിൽ നിന്ന് 15 ലക്ഷത്തോളം രൂപയുടെ ഫോണുകളും പ്രൊജക്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങരും നഷ്ടമായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വിരലടയാള വിഭഗ്ദ രജിതയുടെ നേതൃത്തിൽ രണ്ടു സംഭവങ്ങളിലും തെളിവുകൾ ശേഖരിച്ചു.. പോലിസ് നായ റൂണിയെ എത്തിച്ചും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശി അബ്ദുൾ സത്താ റിറേതാണ് കവർച്ച നടന്ന മൊബൈൽ കട’ ഹൊസ്ദുർഗ് പോലീസ് ഇതു സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് മോഷണ പരമ്പര തന്നെ നടന്നിരുന്നു. അതിലെ രണ്ടു പ്രതികൾ ഇന്നലെ അറസ്റ്റിലായിരുന്നു. അതിനുപിന്നാലെ ഇന്നലെ വീണ്ടും കവർച്ചാ പരമ്പര നടന്നത് പോലീസിന് തലവേദനയായി. കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും സംഘവുമാണ് കവർച്ചകൾക്ക് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വൈകാതെ കവർച്ചാസം ലത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.