അതി ദരിദ്ര്യ വിഭാഗത്തിന്റെ ജീവിത നിലവാരം; സര്‍വ്വേ പൂര്‍ത്തിയായി
കാസര്‍കോട് ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലെ 2166 എന്യൂമറേഷന് ബ്ളോക്കുകളിലെ 46930 അതി ദരിദ്ര കുടുംബങ്ങളുടെ അത്യാവശ്യ സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, സ്വന്തം ഭവനം, കക്കൂസ്, ഗ്യാസ് തുടങ്ങി ഈസ് ഓഫ് ലിവിംഗ് സര്വ്വേഡാറ്റ ശേഖരണം വ്യാഴാഴ്ച വൈകുന്നേരം (22-07-21) പൂര്‍ത്തിയാക്കിയതായി ഈസ് ഓഫ് ലിവിങ് സര്‍വേ ജില്ലാ നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ പ്രദീപന് അറിയിച്ചു.
ഗ്രാമീണ കുടുംബങ്ങളുടെ ഇല്ലായ്മകളില്‍ നിന്നും അന്തസ്സുള്ള ജീവിത ശൈലിയിലേക്ക് വഴി മാറ്റുന്ന പരിവര്‍ത്തന പ്രക്രിയയില്‍ അവര്‍ക്ക് ലഭ്യമാകുന്ന പ്രയോജനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ശാസ്ത്രീയ സര്‍വ്വേ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ആവശ്യമാണ്. ആയതിലേക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെന്‍സസ് 2011ലൂടെ കണ്ടെത്തിയിട്ടുള്ള കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായിട്ടാണ് ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്തമായി സര്‍വ്വേ നടത്തിയത്.
സര്‍ക്കാരിന്റെ മുന്‍നിര പരിപാടികള്‍ കേന്ദ്രീകരിച്ചിട്ടുള്ള 16 ഗാര്‍ഹിക മാനദണ്ഡളില് ഇവരുടെ ഇന്നത്തെ ജീവിത സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിനും കുടുംബങ്ങളിലെ ദാരിദ്യാവസ്ഥയിലെ മാറ്റം അളക്കുന്നതിനും സര്‍വ്വേ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിലെ ഉന്നമനത്തിനു വേണ്ട ആവശ്യകതകള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി ഓരോ മേഖലയും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ബജറ്റ് വിഹിതം ഉറപ്പാക്കുക, വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, വിവിധ മേഖലയിലെ നേട്ടങ്ങള്‍ നിരന്തര നിരീക്ഷണത്തിലൂടെ വിലയിരുത്തി സുസ്ഥിര വികസനം നേടുക, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നയപരമായ തീരുമാനങ്ങള്‍ക്ക് രൂപം കൊടുക്കുക, സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെന്‍സസ് ( 2011) ഉള്‍പ്പെട്ട കുടുംബങ്ങളുടെയും പ്രദേശങ്ങളുടെയും നിലവിലെ സ്ഥിതി ഡാറ്റാ അപ്ഡേഷനിലൂടെ കണ്ടെത്തുക, ഈസ് ഓഫ് ലിവിങ്ങ് സര്‍വ്വേ മുഖേനെ ശേഖരിക്കുന്ന ഡാറ്റയിലൂടെ ആവശ്യമായ കണ്ടെത്തലുകള്‍ നടത്തി ഇന്ത്യ അറ്റ് 2022 എന്ന ലക്ഷ്യത്തിനായി ശക്തമായ ഇടപെടലുകള്‍ നടത്തുക, വിവിധ വകുപ്പുകള്‍ മുഖാന്തിരം നടത്തുന്ന എല്ലാ സ്കീമുകളുടെയും, പരസ്പര സമന്വയ സാധ്യത പഠിക്കുക എന്നിവയാണ് ഈ സര്‍വ്വേയുടെ ലക്ഷ്യം.
കോവിഡ് മഹാമാരിയുടെ തീവ്രമായ ഭീഷണിക്കിടയിലും ജൂലൈ അഞ്ച് മുതല്‍ 22 വരെ 17 ദിവസം സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതില്‍ അക്ഷീണം പ്രയത്നിച്ച വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, സര്‍വ്വേ ഡാറ്റ ശേഖരണത്തില്‍ സഹായിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍, ആശവര്‍ക്കര്‍, എസ് സി എസ്ടി പ്രൊമോട്ടര്‍, സാക്ഷരതാ പ്രേരക്മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മെമ്പര്‍മാര്‍,ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്കിയ ചാര്‍ജ്ജ് ഓഫീസര്‍മാരായ ഗ്രാമ വികസന വകുപ്പിലെ ജില്ലാ തല ഓഫീസര്‍മാര്‍, ബിഡിഒ, ബ്ളോക്ക് തല എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഡാറ്റാ അപലോഡിംഗ് ചുമതല നിര്‍വ്വഹിച്ചു വരുന്ന ബ്ളോക്ക് ഇഒപി&എം, ഇക്കണോമിക്സ്&സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടര്‍, സ്റ്റാറ്റിസ്റ്റിക്സ് ഇന്‍വെസ്റ്റിഗേറ്റര്‍ മാര്‍, സര്‍വ്വോപരി ജില്ലയുടെ സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതില്‍ യഥാ സമയം ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്കിയ ഗ്രാമ വികസന കമ്മീഷണര്‍, അഡീഷണല്‍ ഡവ കമ്മീഷണര്‍, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ തുടങ്ങി എല്ലാവര്ക്കും സമയ ബന്ധിതമായി സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതില്‍ സഹായിച്ചതിന് ജില്ലാ ഭരണ കൂടത്തിന്റെയും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും പേരിലുള്ള നന്ദി അറിയിക്കുന്നതായി സര്‍വ്വേ നോഡല്‍ ഓഫീസര്‍ കെ.പ്രദീപന് പറഞ്ഞു.