ന്യൂദല്‍ഹി: 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതിയില്‍ അഭിഭാഷകന് കപില്‍ സിബല്‍. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി പാര്‍ട്ടികളിലെ 148 എം.എല്‍.എമാരും ഏഴ് സ്വതന്ത്രരും ഒപ്പിട്ട സത്യവാങ്മൂലവുമാണ് സുപ്രീം കോടതിക്ക് മുന്പില് വെച്ച് കപില്‍ സിബല്‍ സമര്‍പ്പിച്ചത്.
അജിത് പവാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നും ക്പില് സിബല്‍ വാദിച്ചു. എന്ത് ദേശീയ അടിയന്തര സാഹചര്യമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഉണ്ടായതെന്നും ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പെരുമാറിയെന്നും സിബല്‍ പറഞ്ഞു.
ഗവര്‍ണര്‍ നവംബര്‍ 9 വരെ ഗവര്‍ണര്‍ കാത്തിരുന്നത് സേനയും ബി.ജെ.പിയ്ക്കും തമ്മിലുള്ള ചര്‍ച്ച വിജയിക്കുമോ എന്ന് അറിയാന്‍ വേണ്ടിയായിരുന്നുവെന്നും അത് പരാജയപ്പെട്ടപ്പോഴാണ് ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതെന്നും സിബല്‍ പറഞ്ഞു.അജിത് പവാര്‍ നല്‍കിയത് വ്യാജ കത്താണ്. ഞങ്ങളുടെ പക്കലുള്ളത് യഥാര്‍ത്ഥ സത്യവാങ്മൂലമാണ്. 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ അനുമതി നല്‍കണമെന്നും സിബല്‍ പറഞ്ഞു.
കോടതി വെറുതെ വിശ്വാസ വോട്ടടെുപ്പ് നടത്തരുത്. നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോ ടേം സ്പീക്കറായി നിയമിച്ച് വോട്ടെടുപ്പ് നടത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. നിലവില്‍ കോണ്‍ഗ്രസിന്റെ ബാബാ സാഹേബ് തോറാട്ടാണ് സഭയിലെ മുതിര്‍ന്ന എം.എല്‍.എ. തങ്ങള്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മനു അഭിഷേക് സിങ്വിയും സുപ്രീം കോടതിയില്‍ പറഞ്ഞു.154 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കുണ്ട്. ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തനാണ് അജിത് പവാര്‍ ചെയ്തതെന്ന് മനു അഭിഷേക് സിങ് വി സുപ്രീം കോടതിയില്‍ പറഞ്ഞു.