സ്ത്രീധന പീഡനം വീണ്ടും; കൊച്ചിയില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം
കൊച്ചി:സ്ത്രീധനത്തിന്റെ പേരില്‍ കൊച്ചിയില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനമേറ്റതായി പരാതി. സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന് പച്ചാളം സ്വദേശി ജിബ്സണ് പീറ്ററാണ് ഭാര്യയേയും ഭാര്യാപിതാവിനെയും മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയും കുടുംബവും കമ്മീഷണര്‍ക്ക് പരാതി നല്കി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് കമ്മീഷ്ണറെ സമീപിച്ചത്. അതേസമയം, പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മൂന്നു മാസം മുമ്പായിരുന്നു ജിബ്സണ് യുവതിയെ വിവാഹം ചെയ്തത്. സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട് സോഫ്റ്റ്വെയര് എഞ്ചിനീയറായ ജിബ്സണ് പതിവായി മര്‍ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ പിതാവിന്റെ കാല് തല്ലിയൊടിക്കുകയായിരുന്നുവെന്നും ഗുരുതരാവസ്ഥയില്‍ ചികിത്സയിലായ പിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.