മഴയില്‍ വലഞ്ഞ് മഹാരാഷ്ട്ര ; കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ മൂലംആറായിരത്തോളം ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങി
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ മൂലം നിരവധി ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവിടെ 6000-ത്തോളം യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങിയത്. മഹാരാഷ്ട്രയില്‍ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊങ്കണ്‍ പ്രദേശത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. പലയിടങ്ങളിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കനത്തമഴ മൂലം രത്നഗിരി ജില്ലയിലെയും റെയ്ഗാഡ് ജില്ലയിലെയും വിവിധ നദികള്‍ അപടകരമായ വിധത്തില്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
രത്നഗിരി ജില്ലയിലെ ചിപ്ലുണിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. മുംബൈ നഗരത്തില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് രക്ഷാപ്രവര്‍ത്തം പുരോഗിക്കുകയാണ്. കുടുങ്ങിപോയവരെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേത്യത്വത്തില്‍ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ മുംബൈ-ഗോവ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. ചിപ്ലുണില്‍ മാര്‍ക്കറ്റുകളും, റെയില്‍വേ, ബസ് സ്റ്റേഷന് എന്നിവ വെള്ളത്തിന് അടിയിലാണ്.
വെള്ളക്കട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേത്യത്വത്തില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. 35-ഓളം ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. മുംബൈയിലും, താനെയിലും, പര്‍ഘാറിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. രത്നഗിരിയിലെയും റെയ്ഗാഡിലെയും സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി.