കുട്ടികൾക്ക് ഹരം പകർന്ന് വിഷ്ണുഭട്ടിന്റെ’രാഗം താനം പല്ലവി’
കാഞ്ഞങ്ങാട് : ഓൺലൈൻ ക്ലാസുകളിലൂടെ മൊബൈൽ ഫോണുകളിൽ തളച്ചിട്ട കുട്ടികളിൽ ഹരം പകർന്ന് ‘രാഗം താനം പല്ലവി’.
കോവിഡ് മഹാമാരി മൂലം കുരുന്നുകളിൽ വർധിച്ചു വരുന്ന മാനസിക പിരിമുറുക്കവും ഒറ്റപ്പെടലും കുറച്ചു കൊണ്ടുവരാൻ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ഓൺലൈനിൽ നടത്തുന്ന സംഗീത പരിചയ പരിപാടി
വൻ വിജയത്തിലേക്ക്. ജനകീയ സംഗീത പ്രസ്ഥാനത്തിലൂടെ ശ്രദ്ധേയനായ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ബെള്ളിക്കോത്ത് വിഷ്ണുഭട്ട് റേഡിയോ മേലാങ്കോട്ടിലൂടെ നടത്തുന്ന രാഗ പരിചയമാണ് കുട്ടികൾക്ക് ഹരമായി മാറുന്നത്.
ദക്ഷിണേന്ത്യൻ സംഗീതത്തിൽ പ്രചാരത്തിലുള്ള രാഗങ്ങൾ ലക്ഷണ സഹിതം വിവരിച്ചും പാടിയുമുള്ള വിഷ്ണുഭട്ടിന്റെ അവതരണം വേറിട്ട അനുഭവമായി. കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങളായ ജനകരാഗങ്ങളെയും അവയിൽ നിന്നും രൂപപ്പെടുത്തുന്ന ജന്യരാഗങ്ങളെയും സോദാഹരണത്തോടെയാണ് വിഷ്ണുഭട്ട് പരിചയപ്പെടുത്തുന്നത്. സപ്തസ്വരങ്ങളുടെ ആരോഹണവും അവരോഹണവും മലയാളികളുടെ നാവിൽ തുമ്പിൽ നിറഞ്ഞു നിൽക്കുന്ന ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും അവതരിപ്പിച്ചപ്പോൾ ഹൃദ്യമായ അനുഭവമായി. വളരെ പഴക്കമുള്ള ആനന്ദഭൈരവി രാഗത്തിൽ നിന്ന് ആയിരുന്നു തുടക്കം. ശ്ലോകങ്ങളും താരാട്ടുകളുടെയും സഹായത്തോടെയാണ് നഠ ഭൈരവിയുടെ ജന്യരാഗത്തെ അവതരിപ്പിച്ചത്. ലോകത്താകമാനമുള്ള സംഗീത ശൈലികളിൽ തത്തുല്യ രാഗമുള്ള ശങ്കരാഭരണവും ജന്യരാഗമായ കാപ്പിയും കാംബോജിയും ദേശിയും തുടങ്ങി എല്ലാ രാഗങ്ങളെയും സ്വതസിദ്ധമായ സ്വരമാധുരിയിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും മറക്കാനാവാത്ത അനുഭവമായി. വരും ദിവസങ്ങളിൽ എല്ലാ രാഗങ്ങളെയും ജന്യരാഗങ്ങളെയും പരിചയപ്പെടുത്താനാണ് പരിപാടി. സ്കൂൾ യുട്യൂബ് ചാനലിലൂടെ ദിവസവും രാവിലെ 7 മണിക്ക് നടക്കുന്ന റേഡിയോ പരിപാടിക്ക് സ്കൂളിനകത്തും പുറത്തുമുള്ള നൂറുകണക്കിന് സംഗീത പ്രേമികളാണ് ലൈക്ക് ചെയ്തും കമന്റിട്ടും അഭിനന്ദനങ്ങളറിയിക്കുന്നത്. സ്റ്റേഷൻ ഡകരക്ടർ പി.കുഞ്ഞിക്കണ്ണനാണ് പരിപാടി യുട്യൂബ് ചാനലിൽ ചിട്ടപ്പെടുത്തുന്നത്.