കൊച്ചി: ഇസ്ളാമിക തീവ്രവാദ സംഘടനയായ ഐഎസ്ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറുപ്രതികള്‍ കുറ്റക്കാര്‍. കേസിലെ ആറാം പ്രതി ജാസിമിനെ വെറുതെ വിട്ടു. കമകമലയില്‍ പിടിയിലായത് തീവ്രവാദി സംഘമെന്ന് കോടതി പറഞ്ഞു. എന്‍ഐഎ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്, രാഷ്ട്രീയപ്രമുഖര്‍, ചിലവിദേശികള് എന്നിവരെ വധിക്കാനും പൊതുസ്ഥലങ്ങള്‍ ആക്രമിക്കാനുമായി കണ്ണൂരിലെ കനകമലയില്‍ രഹസ്യമായി യോഗം ചേര്‍ന്നുവെന്നാണ് കേസ്. കനകമലയില്‍ യോഗം ചേര്‍ന്നവരും സോഷ്യല്‍മീഡിയവഴി ഇവരുമായി ബന്ധപ്പെട്ടവരും അടക്കം 15 പേരെ എന്‍ഐഎ അറസ്റ്റ്ചെയ്തിരുന്നു.
ഇതില്‍ എട്ടുപേര്‍ക്കാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയത്. ഒന്നാംപ്രതി കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ് മെഹ്മൂദ് (30), രണ്ടാം പ്രതി ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി അമ്പലത്ത് സ്വാലിഹ് മുഹമ്മദ് (26), മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലി (24), നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി എന്‍ കെ റംഷാദ് (24), ഒമ്പതാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ടം പി സഫ്വാന് (30), 10-ാം പ്രതി കുറ്റ്യാടി നങ്ങീലംകണ്ടി എന്‍ കെ ജാസിം (25), 13-ാം പ്രതി കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശേരി (35) എന്നിവര്‍ക്കെതിരെ ഒരു കുറ്റപത്രവും 11-ാം പ്രതി തിരുനെല്‍വേലി സ്വദേശി സുബ്ഹാനി ഹാജി (31)ക്കെതിരെ മറ്റൊരു കുറ്റപത്രവുമാണ് സമര്‍പ്പിച്ചത്. അതേസമയം, എന്‍ഐഎ അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
1, 2, 3, 4, 9, 10, 13 പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകള്ക്കുപുറമെ യുഎപിഎയും ചുമത്തിയിരുന്നു. 11-ാം പ്രതി സുബ്ഹാനി ഹാജിയുടെ നേതൃത്വത്തില്‍ 2016 ആഗസ്തില്‍ കേരളത്തില്‍ രൂപീകരിച്ച അന്‍സാറുള്‍ ഖിലാഫയുടെ പേരിലാണ് ഇവര്‍ രഹസ്യയോഗം ചേര്‍ന്നത്. ഇയാള്‍ക്കെതിരെയും യുഎപിഎ ചുമത്തിയിരുന്നു