സി എച്ച് കുഞ്ഞമ്പു എം എൽ എ ഇടപെട്ടു.. തെക്കിൽ -ആലട്ടി റോഡിൽ പള്ളത്തിങ്കാലിലെ തർക്കം പരിഹരിക്കും
കാസർകോട് :
പൊയിനാച്ചി–- ബന്തടുക്ക റോഡിന്റെ (തെക്കിൽ–ആലട്ടി) പള്ളത്തിങ്കാൽ ഭാഗത്തെ റോഡ് നിർമാണത്തിനുള്ള തടസം നീങ്ങുന്നു. സി എച്ച് കുഞ്ഞമ്പു എംഎൽഎയും ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് പ്രശ്നങ്ങൾ പഠിക്കും. അലൈൻമെന്റിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടാനും സർവകക്ഷി യോഗം തീരുമാനിച്ചു.
നിലവിലുള്ള റോഡിന്റെ അലൈമെന്റ് പ്രകാരം വികസനം നടന്നാൽ തങ്ങളുടെ ഓഫീസിനുള്ള സ്ഥലം നഷ്ടമാകുമെന്ന് ബിജെപിക്കാർ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ കോടതിയെ സമീപിച്ചതാണ് പ്രശ്നം സങ്കീർണമാക്കിയത്. നിലവിലുള്ള അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
തെക്കിൽ ആലട്ടി റോഡ് വികസനം പള്ളത്തിങ്കാലിൽ മാത്രമാണ് മുടങ്ങിയത്. ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളുടെ ഹൃദയനാഡിയായ റോഡിന്റെ വികസനത്തിന് ബിജെപിക്കാർ തടസം സൃഷ്ടിച്ചത് ഏറെ വിവാദമായതാണ്.
യോഗത്തിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, സിപിഐ എം ബേഡകം ഏരിയ സെക്രട്ടറി സി ബാലൻ, എം അനന്തൻ, ടി ബാലൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, ജില്ലാ സെക്രട്ടറിമാരായ എ വേലായുധൻ, മനുലാൽ മേലത്ത്, പ്രാദേശിക ബിജെപി നേതാക്കളായ എടപ്പണി ബാലകൃഷ്ണൻ, ബി ജനാർദനൻ നായർ, സി ചന്ദ്രൻ എന്നിവർ സംസാരിച്ചു.