പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം
തല തല്ലിപ്പൊളിച്ചു, അക്രമി ഗുണ്ടാത്തലവൻ
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി കെ.എം. സുരേഷിനെയാണ് ആക്രമിച്ചത്. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് ആണ് ആക്രമിച്ചത്. പരിക്കേറ്റ സുരേഷിനെ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11ഓടെയാണ് ആക്രമണം. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലേക്ക് മാറ്റിയത്. രാവിലെ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു മർദനം. വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണമായ ഡംബെൽ ഉപയോഗിച്ച് മർദിക്കുകയാണെന്നാണ് വിവരം.
സുരേഷിന്റെ തലയിൽ 16ഓളം തുന്നലുകളുണ്ടെന്നാണ് ജില്ല ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം.
2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു.