താരീഖ് പർ താരീഖ്’- നീതി വൈകിയ കോടതിയിൽ സിനിമ ഡയലോഗ് പറഞ്ഞ് ഫർണിച്ചറും കമ്പ്യൂട്ടറുകളും അടിച്ചുപൊളിച്ച് യുവാവ്
ന്യൂഡൽഹി: ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ പ്രശസ്തമായ ‘താരീഖ് പർ താരീഖ്’ എന്ന കോടതി സംഭാഷണം ആവേശപൂർവം ഉറക്കെപ്പറയാത്തവർ കുറവാകും. നീതി ലഭിക്കേണ്ട കോടതി തീയതികൾക്കു പിറകെ തീയതികൾ മാറ്റിക്കുറിച്ച് നിരന്തരം വൈകിപ്പിക്കുകയാണെന്നായിരുന്നു സിനിമയിൽ കേസ് വിചാരണക്കിടെ സണ്ണി ഡിയോളിന്റെ പ്രശസ്തമായ പഞ്ച് ഡയലോഗ്. എന്നാൽ, േകസുകളുടെ ബാഹുല്യം മൂലം നീതി വൈകുന്നത് തുടർക്കഥയായ രാജ്യത്ത് ശരിക്കും കുടുങ്ങിയ ഒരാൾ കോടതിയിൽ ജഡ്ജിയെ മുഖാമുഖം നിർത്തി ഇതേ വാക്കുകൾ പറഞ്ഞാലോ?
ഡൽഹിയിലെ കാർകർദൂമ കോടതിയിലായിരുന്നു കഴിഞ്ഞ ദിവസം രസകരമായ സംഭവം. 2016 മുതൽ തുടങ്ങിയ കോടതി നടപടികൾ ഇനിയും പൂർത്തിയാകാതെ വന്നതിൽ അരിശംപൂണ്ട രാകേഷ് എന്ന പരാതിക്കാരൻ എഴുന്നേറ്റുനിന്ന് ‘താരീഖ് പർ താരീഖ്’ എന്ന ഡയലോഗ് ഉറക്കെ പറയുകയായിരുന്നു. അവിടെയും അരിശം തീരാതെ ജഡ്ജിയുടെ ചേംബറിൽ കയറി ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും ഇയാൾ അടിച്ചുപൊളിച്ചു. ഇയാളെ പിന്നീട് പിടികൂടിയ അധികൃതർ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഡാമിനി എന്ന ബോളിവുഡ് ചിത്രത്തിലാണ് സണ്ണി ഡിയോളിന്റെ പ്രശസ്തമായ സംഭാഷണമുള്ളത്. ലഹരിയുള്ള പിടിയിലായ അഭിഭാഷകൻ കേസ് വീണ്ടും പൊടിതട്ടിയെടുത്ത് നീതിക്കായി പൊരുതുന്നതാണ് ഇതിവൃത്തം.