ദീര്‍ഘദൂര ട്രെയിനുകളില്‍ ഇനി കുറഞ്ഞ നിരക്കില്‍ എസി യാത്ര; വരുന്നു ‘3ഇ കോച്ചുകള്‍’
ന്യൂഡല്‍ഹി: രാജ്യത്ത് ദീര്‍ഘദൂര ട്രെയിനുകളില്‍ കുറഞ്ഞ നിരക്കില്‍ എസി യാത്രയ്ക്ക് സൗകര്യമൊരുക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ആദ്യപടിയായി ഇക്കണോമി കോച്ചുകള്‍ വിവിധ സോണുകളില്‍ എത്തിച്ചു തുടങ്ങി. 3ഇ എന്ന പേരിലാണ് പുതിയ കോച്ചുകള്‍ അറിയപ്പെടുക. സ്ലീപ്പറിനും ത്രീടയര്‍ എസിക്കും ഇടയിലായിരിക്കും പുതിയ കോച്ചുകളുടെ സ്ഥാനം.
സ്ലീപ്പര്‍ യാത്രക്കാരെ എസിയിലേക്ക് ആകര്‍ഷിക്കും വിധമായിരിക്കും യാത്രാ നിരക്ക് നിശ്ചയിക്കുക. ത്രീ ടയര്‍ എസി കോച്ചുകളുടെ മാതൃകയില്‍ തന്നെ ഒരു കോച്ചില്‍ 83 ബര്‍ത്തുകള്‍ ഉണ്ടാകും. 3ല എന്ന പേരിലായിരിക്കും സീറ്റുകള്‍ റിസര്‍വ്വ് ചെയ്യേണ്ടത്. രാജ്യത്താകെ 806 പുതിയ എക്കണോമി എസി കോച്ചുകളാണ് ഉള്ളത്. ഇതില്‍ 144 കോച്ചുകള്‍ ദക്ഷിണ റെയില്‍വേ സോണിന് അനുവദിക്കുമെന്നാണ് വിവരം.
മികച്ച വായുശുദ്ധീകരണ സൗകര്യം, മടക്കി വയ്ക്കാവുന്ന ഭക്ഷണമേശ, ചാര്‍ജിങ് പോയിന്റുകള്‍, പ്രകാശ സംവിധാനം എന്നിവ പുതിയ കോച്ചുകളിലുണ്ടാകും. രാജ്യത്തെ നാല് ഫാക്ടറികളിലായി പുതിയ കോച്ചുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് സൂചന.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ രാജ്യത്ത് 806 എക്കണോണി കോച്ചുകള്‍ സര്‍വ്വീസ് തുടങ്ങുമെന്ന് റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇടത്തരം യാത്രക്കാരില്‍ പുതിയ പദ്ധതി വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.