കെ എസ് യു പ്രവർത്തകർ ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു; സി ഇ ടി, ടി കെ എം എഞ്ചിനീയറിംഗ് കോളേജുകളിൽ സംഘർഷം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല പരീക്ഷ ബഹിഷ്ക്കരിച്ച് കെ എസ് യു പ്രതിഷേധം. ശ്രീകാര്യം സി ഇ ടി എഞ്ചിനീയറിംഗ് കോളേജിൽ കെ എസ് യു പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ടി കെ എം എന്‍ജിനീയറിംഗ് കോളജിലും പൊലീസ് കെ എസ് യു പ്രവർത്തകർക്ക് നേരെ ലാത്തിവീശി. ലാത്തി ചാർജിൽ തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളജുകളിലും കെ എസ് യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കുകയാണ്.പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് നടക്കുമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. പരീക്ഷ തീയതികളിൽ മാറ്റം വരുത്തിയെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സർവകലാശാലയുടെ വിശദീകരണം.ഓഫ് ലൈനായിട്ടാണ് സാങ്കേതിക സർവകലാശാല പരീക്ഷകള്‍ നടത്തുന്നത്. വിദ്യാർത്ഥികള്‍ക്ക് സൗകര്യപ്രദമായി പരീക്ഷ എഴുതാനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ സർവകലാശാലകള്‍ക്ക് കീഴിലും ഓഫ് ലൈനായി പരീക്ഷകള്‍ നടത്തുമ്പോള്‍ സാങ്കേതിക സർവകലാശാലയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.