യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: ആറുപേര്‍ കൂടി അറസ്റ്റില്‍
ചേര്‍ത്തല: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ആക്രമിക്കുകയും മൊബൈല്‍ ഫോണും പണവും അപഹരിക്കുകയും ചെയ്ത കേസില്‍ ആറുപേര്‍കൂടി അറസ്റ്റില്‍.
ചേര്‍ത്തല തെക്ക് 15-ാം വാര്‍ഡില്‍ പുതിയാട്ടുചിറ വിഷ്ണു പ്രദീപ് (അയ്യപ്പന്- 24), കൊല്ലമ്മാപറമ്പ് വീട്ടില്‍ സുനില്‍ (ടിപ്പര്‍ സുനി-36), കണ്ണമ്പള്ളിച്ചിറ ലൂയിസ്(32), മങ്ങാട്ട് ആരോമല്‍ (20), തയ്യില്‍ സുമേഷ് (ചുക്കപ്പന്-30), മാരാരിക്കുളം വടക്ക് നാലാം വാര്‍ഡില്‍ നടുവിലേപ്പുരയ്ക്കല്‍ അതുല്‍ (സിദ്ധന് 22) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി മധുവടക്കം രണ്ടുപേര്‍ പിടിയിലാകാനുണ്ട്. ജൂണ്‍ 24 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട സ്വദേശി അരുണ്‍ കോശിയെ കാക്കനാടുനിന്ന് ചേര്‍ത്തല അരീപ്പറമ്പ് ചക്കനാട് ഭാഗത്തെത്തിച്ചു മര്‍ദിക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ഹോസ്റ്റല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്വട്ടേഷന്‍ കാരണമെന്നും മധുവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇയാള്‍ അരുണ്‍ കോശിയെ തന്ത്രപൂര്‍വം കാറില്‍ കയറ്റി അരീപ്പറമ്പിലെത്തിച്ച് ഗുണ്ടകള്‍ക്ക് കൈമാറുകയായിരുന്നു. പിടിയിലായവര്‍ അര്‍ത്തുങ്കല്‍, മാരാരിക്കുളം സ്റ്റേഷനുകളിലെ വിവിധ കേസുകളില്‍ പ്രതികളാണെന്നും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു. ആരോമല്‍, സുമേഷ്, ലൂയിസ്, വിഷ്ണു എന്നിവര്‍ ചാരായം വാറ്റി വില്പന നടത്തിയ കേസിലും പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.