രണ്ടര വയസ്സുള്ള കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിച്ച് ചികിത്സയ്ക്കെന്ന വ്യാജേന പണം തട്ടിപ്പ്,യുവാവ് അറസ്റ്റില്
തിരുവനന്തപുരം: രണ്ടര വയസുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സാ സഹായം തേടി തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടിൽ അഭിരാജ് (25) ആണ് പിടിയിലായത്. രണ്ട് വയസ്സുള്ള കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി 75 ലക്ഷം രൂപാ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്.
ഇതിനായി പൂവാർ സ്വദേശിയുടെ രണ്ടര വയസ്സുള്ള മകന്റെ ഫോട്ടോ വാട്ടസ്പ്പ് ഗ്രൂപ്പിൽനിന്ന് ശേഖരിച്ച് ഉപയോഗിച്ചു. സഹായം സ്വീകരിക്കാനായി സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ തന്നയാണ് ഉപയോഗിച്ചിരുന്നത്. ചികിത്സാ സഹായ അഭ്യർത്ഥനാ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് കുട്ടിയുടെ വീട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് കുട്ടിയുടെ പിതാവ് പൂവാർ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിരാജ് പിടിയിലായത്. അടുത്ത കാലത്ത് കണ്ണൂർ സ്വദേശിയായ കുട്ടിയുടെ ചികിത്സ സഹായമായി 18 കോടിയോളം രൂപാ ലഭിച്ചിരുന്നു. ഇതാണ് വേഗത്തിൽ പണം ഉണ്ടാക്കാനായി ചികിത്സാ സഹായ തട്ടിപ്പ് നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് ഇൻസ്പെക്ടർ എസ് ബി പ്രവീൺ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.