ചലച്ചിത്ര നടന് കെടിഎസ് പടന്നയില് അന്തരിച്ചു
കൊച്ചി: മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം.നാടകലോകത്തുനിന്നാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 21–ാം വയസ്സിൽ കണ്ണംകുളങ്ങര അംബേദ്കർ ചർക്ക ക്ലാസിൽ നൂൽനൂൽപ്പ് ജോലിചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ലഭിച്ചു.
രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. വ്യത്യസ്തമായ ചിരിയും ശൈലിയുമായി ആദ്യസിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തെ തേടി നിരവധി വേഷങ്ങൾ എത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. പുലർച്ചെ രണ്ടേമുക്കാലിന് എഴുന്നേറ്റ് രണ്ടരകിലോമീറ്റർ നടന്ന് തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ പെട്ടിക്കടയിലെത്തുമായിരുന്നു. നാടകത്തിൽനിന്നും പെട്ടിക്കടയിൽനിന്നും ലഭിച്ച വരുമാനത്തിൽനിന്നാണ് നാലുമക്കൾക്കും വീടും ഉപജീവനമാർഗവും ഉണ്ടാക്കിക്കൊടുത്തത്. സിനിമയിൽനിന്ന് കാര്യമായ സമ്പാദ്യമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. മതിയായ പ്രതിഫലം പോലും നൽകാതെ കബളിപ്പിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായി. ഇനി ചാൻസ് ചോദിച്ച് ആരുടെയടുത്തും പോകില്ല. അങ്ങനെ പോകാതിരിക്കാനാണ് പെട്ടിക്കട നടത്തുന്നതെന്ന് പടന്നയിൽ പറഞ്ഞിരുന്നു. എങ്കിലും തേച്ചുമടക്കിയ ജൂബയും മുണ്ടും അടങ്ങിയ ഒരുപെട്ടി ഇപ്പോഴും പെട്ടിക്കടയുടെ മൂലയിൽ അദ്ദേഹം തയാറാക്കി വച്ചിട്ടുണ്ട്. സിനിമയിൽനിന്ന് ഒരു വിളിവന്നാൽ ഉടനെ പുറപ്പെടാൻ.ട്ടിണിയുടെ രുചിയും അധ്വാനത്തിന്റെ വിലയും ചെറുപ്പത്തിൽതന്നെ മനസിലാക്കിയിരുന്നു കൂലിപ്പണിക്കാരനായ കൊച്ചുപടന്നയിൽ തായിയുടെയും കയർത്തൊഴിലാളിയായ മാണിയുടെയും ആറുമക്കളിൽ ഇളയവനായിരുന്ന സുബ്രഹ്മണ്യൻ. അരിവാങ്ങാൻ കാശില്ലാതെ ആഞ്ഞിലിക്കുരു ചുട്ടും വാഴത്തട വേവിച്ചും കഴിച്ച് വിശപ്പടക്കിയ കുട്ടിക്കാലം. ക്ലാസിൽ അഞ്ച് സുബ്രഹ്മണ്യൻമാർ വേറെ ഉണ്ടായിരുന്നതിനാൽ അധ്യാപകൻ കുര്യൻമാഷാണ് കെടിഎസ് പടന്നയിൽ എന്നു പേരിട്ടത്. ഫീസ് അടയ്ക്കാൻ പണമില്ലാതെവന്നതിനാൽ ആറാം ക്ലാസിൽ പഠിപ്പ് അവസാനിച്ചു. പന്ത്രണ്ട് വയസ്സുമുതൽ വിവിധ ജോലികൾ ചെയ്തു. തെങ്ങിൻതൊണ്ടും മടലും എണ്ണിയിട്ടു, കല്ലും മണ്ണും ചുമന്നു, കരിങ്കല്ല് പൊട്ടിച്ചു. ചെയ്യാത്ത ജോലികൾ ഒന്നുമില്ല. മാതാപിതാക്കൾക്കു വയ്യാതായതിനെത്തുടർന്ന് 22–ാം വയസ്സിൽ വീട്ടുചുമതല പൂർണമായും പടന്നയിലിന്റെ ചുമലിലായി. 35–ാം വയസ്സിലാണ് വിവാഹിതനാകുന്നത്. പരേതയായ രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവരാണ് മക്കൾ.