ചെറുവത്തൂർ ബി ആർ സി യിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷ്യൽ എജുക്കേറ്റർ സി രാമകൃഷ്ണൻ നിര്യാതനായി
ചെറുവത്തൂർ: ചെറുവത്തൂർ ബി ആർ സി യിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷ്യൽ എജുക്കേറ്റർ സി രാമകൃഷ്ണൻ (54) നിര്യാതനായി. രാവിലെ വീട്ടിലെ തൊഴുത്തിൽ പശുവിനെ പരിപാലിക്കുന്നതിനിടെ പശുവിൽ നിന്നും അടിവയറ്റിലേക്ക് കുത്തേറ്റതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണൻ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.സംസ്ഥാനത്താകെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ഏറെ യത്നിച്ച രാമകൃഷ്ണൻ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സംഘടന, സമഗ്ര ശിക്ഷയിലെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള അധ്യാപകരുടെ സംഘടന എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം നൽകി. സൈമൺ ബ്രിട്ടോവിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സമഗ്ര ശിക്ഷയിലെ അധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു.ഭിന്ന ശേഷിക്കാർക്കായി കാസർകോട്ട് സംസ്ഥാന കലോത്സവവും സംഘടിപ്പിച്ചിരുന്നു. മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 17 വർഷക്കാലം ജോലി ചെയ്യവെ ഭിന്നശേഷിക്കാർക്ക് പുറമെ പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്നയാളുകളുടെയൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയിരുന്നു. മൊഗ്രാൽപുത്തൂരിലും എൻഡോസൾഫാൻ പാരിസ്ഥിതിക ദുരന്തം പേറുന്ന നിരവധിയാളുകളുണ്ടെന്ന് പഠനം നടത്തി പൊതുസമൂഹത്തെ അറിയിച്ചത് രാമകൃഷ്ണനായിരുന്നു. നിരവധി അവാർഡുകൾ നേടിയ അദ്ദേഹം സി പി ഐ എം കണ്ണാടിപ്പാറ ബ്രാഞ്ച് മെമ്പർ, കർഷക സംഘം വില്ലേജ് ഭാരവാഹി, സൈമൺ ബ്രിട്ടോ ട്രസ്റ്റ് ചെയർമാൻ, കെ ആർ ടി എ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു .
ആനിക്കാട്ടിയിലെ പി കുഞ്ഞിരാമൻ നമ്പ്യാരുടെയും സി മീനാക്ഷിയമ്മയുടെയും മൂത്ത മകനാണ്. സഹോദരൻ: രത്നാകരൻ (ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ, കാസർകോട്)
മൃതദേഹം രാവിലെ 9 മണിക്ക് കണ്ണാടിപ്പാറ സി പി ഐ എം ഓഫീസ് പരിസരത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് 10 മണിക്ക് ആനിക്കാടി ശാന്തിഗിരി പൊതു ശ്മശാനത്തിൽ സംസ്കാരം