ഗുരുവായൂര്‍ ദേവസ്വത്തിെൻറ ലോക്കറ്റ് വിറ്റതില്‍ 27.5 ലക്ഷത്തിെൻറ കുറവ്; സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി
ഗുരുവായൂര്‍: ദേവസ്വത്തിെൻറ സ്വര്‍ണം, വെള്ളി ലോക്കറ്റ് വിറ്റ വകയിൽ അക്കൗണ്ടില്‍ 27.5 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ചയാണ് ദേവസ്വം ടെംപിള്‍ പൊലീസിന് ദേവസ്വം പരാതി നല്‍കിയത്. ലോക്കറ്റ് വിറ്റ വകയില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയിലാണ് 27.5 ലക്ഷത്തിെൻറ കുറവ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നന്ദകുമാറെന്ന ഉദ്യോഗസ്ഥനെ ബാങ്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറവുവന്ന തുകയില്‍ 16 ലക്ഷം രൂപ ബാങ്ക് തിരിച്ചടച്ചു. നോട്ട് നിരോധന കാലം മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന സ്വര്‍ണ ലോക്കറ്റ് വില്പനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ക്ഷേത്ര രക്ഷാസമിതി രംഗത്തെത്തി.
ഇപ്പോള്‍ പുറത്തുവന്ന 27.5 ലക്ഷത്തിെൻറ നഷ്ടം മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ദേവസ്വം ധനകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ബാങ്കുദ്യോഗസ്ഥരും തമ്മിലെ ബന്ധങ്ങളും ബാങ്ക് വഴിയുള്ള ആനുകൂല്യങ്ങള്‍, സമ്മാനങ്ങള്‍, ഉല്ലാസയാത്രകള്‍ എന്നിവ സംബന്ധിച്ച ആരോപണങ്ങളുടെ നിജസ്ഥിതിയും അന്വേഷിച്ച് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം. ബിജേഷ് ആവശ്യപ്പെട്ടു.