രണ്ടു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍; ഒരാള്‍ രക്ഷപ്പെട്ടു
മറയൂര്‍: എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. രണ്ട് യുവാക്കള്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറയൂര്‍ ബാബുനഗര്‍ സ്വദേശികളായ രഞ്ജിത്ത് (30), മണികണ്ഠന് (38) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ മറയൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രഞ്ജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിയ കാറിലാണ് കഞ്ചാവ് കണ്ടെടുത്തത്. പരിശോധനയ്ക്കിടയില്‍ ഒരാള്‍ ഇറങ്ങി ഓടിയതിനെത്തുടര്‍ന്ന് നാനോ കാറിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് 2.030 കിലോഗ്രാം കണ്ടെടുത്തത്.
തമിഴ്നാട്ടില്‍ 45000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മറയൂര്‍ മേഖലയില്‍ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ച് ചെറിയ പൊതികളാക്കി വില്‍ക്കാനുള്ള ശ്രമത്തിലാണെന്ന് എക്സൈസ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഓഫീസര്‍ ബിനുമോഹന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രബിന് എഫ്. രഞ്ജിത്ത് കവിദാസ്, പ്രസാന്ത്, ദിനേശ് കുമാര്‍ എന്നിവരാണ് വാഹന പരിശോധന നടത്തിയത്.