രാജി ആവശ്യപ്പെടില്ല, കേസ് ഒത്തുതീര്ക്കണമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്ന് പി സി ചാക്കോ; മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രന്
തിരുവനന്തപുരം:ഫോൺവിളി വിവാദത്തിൽ ശശീന്ദ്രൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ. വിഷയം അന്വേഷിക്കാൻ രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരെ കൊല്ലത്തേക്ക് അയച്ചിട്ടുണ്ട്. അവർ അവിടെ പോയി ബന്ധപ്പെട്ടവരെ കണ്ട് റിപ്പോർട്ട് സമർപ്പിക്കും. പാർട്ടിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പി സി ചാക്കോ വ്യക്തമാക്കി.പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി വേണം. അതിൽ എൻ സി പിയോ ഇടതുപക്ഷമോ ഇടപെടില്ല. പാർട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രൻ വിളിച്ചത്. കേസ് ഒത്തുതീർക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ല. ശശീന്ദ്രൻ ഇടപെട്ടാൽ പ്രശ്നം തീരുമെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞതുകൊണ്ടാണ് വിളിച്ചതെന്നും പി സി ചാക്കോ പറഞ്ഞു.കേസ് എന്നൊരു വാക്ക് ശശീന്ദ്രൻ പറഞ്ഞിട്ടില്ല. ഇത് വലിയ വിഷയമാക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. കേരളത്തിലെ ഒരു മുൻമുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്ത്രീകൾ നിലപാട് എടുത്തിരുന്നു. എന്നുകരുതി അദ്ദേഹം രാജിവച്ചിട്ടില്ല. പീഡന പരാതി വ്യാജമെന്ന് വ്യാഖ്യാനിക്കാം. പെൺകുട്ടിയുടെ പരാതിയിൽ പാർട്ടി ഇടപെടില്ലെന്നും ചാക്കോ പറഞ്ഞു.ശശീന്ദ്രന്റെ രാജി പാർട്ടി ആവശ്യപ്പെടില്ല. വസ്തുത അറിയാതെയാണ് പ്രതിപക്ഷ നേതാവ് ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടത്. ആരോപണങ്ങൾ ഉന്നയിച്ചാൽ ആരും രാജിവയ്ക്കില്ല. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ രാജിവയ്ക്കൂവെന്നും പി സി ചാക്കോ കൂട്ടിച്ചേർത്തു.അതേസമയം, മന്ത്രി എ കെ ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ചർച്ച ചെയ്തു. മുഖ്യമന്ത്രി വിളിച്ചതല്ല, താൻ വന്നതാണ്. കാര്യങ്ങൾ ബോദ്ധ്യപ്പെട്ടോയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.